SHARE

ഗ്ലെന്‍ മഗ്രാത്തിന്റെ ഇന്ത്യന്‍ പതിപ്പെന്ന് വിശേഷിപ്പിക്കപ്പെട്ട താരമാണ് ആവിഷ്‌കര്‍ സാല്‍വി. ഏറെ പ്രതീക്ഷയോടെ ഇന്ത്യന്‍ ടീമിലെത്തിയെങ്കിലും കാര്യമായി തിളങ്ങാനായില്ല. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റിലെ മിന്നും താരമായിരുന്നു ഈ മുംബൈക്കാരന്‍. ഇപ്പോഴിതാ സാല്‍വിയെ തേടി പുതിയ നിയോഗം എത്തിയിരിക്കുകയാണ്.

രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്ന പുതുച്ചേരിയുടെ കോച്ചായിട്ടാണ് സാല്‍വി എത്തുന്നത്. ഈ സീസണ്‍ മുതലാണ് പുതിയ ടീമുകളെ പങ്കെടുപ്പിക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. മുന്‍ രാജസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ദിഷാന്ത് യാഗ്നിക്കാണ് ടീമിന്റെ ഫീല്‍ഡിംഗ് പരിശീലകന്‍. ഓംങ്കാര്‍ ഖന്‍വില്‍ക്കര്‍ സഹപരിശീലകനും.

ഇന്ത്യയ്ക്കായി നാലു ഏകദിനങ്ങള്‍ കളിച്ച സാല്‍വിയുടെ അരങ്ങേറ്റം 2003ല്‍ ബംഗ്ലാദേശിനെതിരേ ധാക്കയിലായിരുന്നു. ആ വര്‍ഷം നവംബറില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ അവസാന രാജ്യാന്തര മത്സരവും കളിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 62 മത്സരങ്ങളില്‍ 169 വിക്കറ്റ് സ്വന്തമാണ്. ലിസ്റ്റ് എയില്‍ 52 മത്സരങ്ങളില്‍ 71 വിക്കറ്റും. 36കാരനായ 2013നുശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിച്ചിട്ടില്ല.