SHARE

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ് സിയെ കിരീടനേട്ടത്തിലേക്ക് നയിച്ച പരിശീലകന്‍ ജോണ്‍ ഗ്രെഗറിക്ക് ഇംഗ്ലീഷ് പുരസ്‌കാരം. ഇംഗ്ലണ്ട് ലീഗ് മാനേജേഴ്‌സ് അസോസിയേഷന്‍ (എല്‍ എം എ) സ്‌പെഷല്‍ അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കിയാണ് ഗ്രെഗറിയെ അനുമോദിച്ചത്. ലണ്ടനില്‍ കഴിഞ്ഞ ദിവസം നടന്ന അസോസിയേഷന്റെ 26ാമത് വാര്‍ഷിക പുരസ്‌കാര ചടങ്ങിലാണ് 64കാരനായ ഗ്രെഗറിക്ക് അവാര്‍ഡ് ലഭിച്ചത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലീഷ് മാനേജറായി മാറിയതിനാണ് അവാര്‍ഡ്. നാലാം സീസണ്‍ ഐ എസ് എല്‍ ലീഗ് ഘട്ടത്തില്‍ രണ്ടാം സ്ഥാനക്കാരായാണ് ചെന്നൈയിന്‍ എഫ് സി സെമിഫൈനലില്‍ കടന്നത്. സെമിയില്‍ എ ഫ് സി ഗോവയെ പരാജയപ്പെടുത്തിയ അവര്‍ ഫൈനലില്‍ കരുത്തരായ ബെംഗളുരു എഫ് സിയെയും മറികടന്നാണ് കിരീടം നേടിയത്. ടീമിനെ കിരീടനേട്ടത്തിലേക്ക് നയിച്ച ജോണ്‍ ഗ്രെഗറിയുമായി ചെന്നെെയിൻ ഒരു വര്‍ഷത്തേക്ക് കരാര്‍ നീട്ടിയിട്ടുണ്ട്. തന്റെ ആദ്യ സീസണില്‍ തന്നെ ഇന്ത്യന്‍ കിരീടം സ്വന്തമാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്നും ഇന്ത്യയിലെ ഫുട്‌ബോള്‍ ഇനിയുമിനിയും വളരുമെന്നും ഗ്രെഗറി അവാര്‍ഡ് സ്വീകരിച്ച് കൊണ്ട് പറഞ്ഞു.

മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, എവേര്‍ട്ടണ്‍ കോച്ചും ഇപ്പോഴത്തെ വെസ്റ്റ് ഹാം കോച്ചുമായ ഡേവിഡ് മോയസില്‍ നിന്നാണ് ഗ്രെഗറി അവാര്‍ഡ് ഏറ്റുവാങ്ങിയത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രീമിയര്‍ ലീഗ് വിജയിച്ച പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയും ഇന്നലെ അനുമോദിക്കപ്പെട്ടിരുന്നു. ചടങ്ങില്‍ ചെന്നൈയിന്‍ എഫ് സിയുടെ ടൂര്‍ണ്ണമെന്റിലെ പ്രകടനത്തെ കാണിച്ച് കൊണ്ടുള്ള വീഡിയോ പ്രദര്‍ശിപ്പിക്കുകയും ചെയ്തുു. ഇംഗ്ലീഷ് പരിശീലകരായ സാം അലര്‍ഡൈസ് (എവേര്‍ട്ടണ്‍), റോയ് ഹോഡ്ജ്‌സണ്‍ (ക്രിസ്റ്റല്‍ പാലസ്), ലോകകപ്പ് പരിശീലകരായ ഗെരാത് സൗത്ത്‌ഗേറ്റ് (ഇംഗ്ലണ്ട്), റോബര്‍ട്ടോ മാര്‍ട്ടിനെസ് (ബെല്‍ജിയം) തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.