SHARE

ലാലിഗയില്‍ പ്രകടനം അത്ര മികച്ചതല്ലെങ്കിലും റയല്‍ മാഡ്രിഡിന്റെ പകിട്ടിന് കുറവൊന്നുമില്ല. 2017ലെ ഗ്ലോബ് സോക്കര്‍ അവാര്‍ഡില്‍ നിരവധി പുരസ്‌കാരങ്ങളാണ് സിനദീന്‍ സിദാനും കൂട്ടരും നേടിയത്. അഞ്ചു പുരസ്‌കാരങ്ങളാണ് വിവിധ വിഭാഗങ്ങളിലായി റയല്‍ സ്വന്തമാക്കിയത്.

2017ലെ മികച്ച താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തെരഞ്ഞെടുക്കപ്പെട്ടു. സിദാനാണ് മികച്ച കോച്ച്. മികച്ച ടീമായത് റയല്‍ തന്നെയാണ്. ദുബായിലായിരുന്നു അവാര്‍ഡ് ദാനച്ചടങ്ങ്. ലയണല്‍ മെസിയെയും നെയ്മറെയും മറികടന്നാണ് റോണോ മികച്ച താരത്തിനുള്ള ട്രോഫി സ്വന്തമാക്കിയത്.

ഈ നേട്ടത്തിനു പിന്നില്‍ തന്റെ ടീമംഗങ്ങളുടെ വിയര്‍പ്പു കൂടിയുണ്ടെന്ന് അവാര്‍ഡ് നേടിയശേഷം പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ പ്രതികരിച്ചു. ലാലിഗയെയാണ് ലോകത്തിലെ മികച്ച ലീഗായി തെരഞ്ഞെടുത്തത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെയും സീരി എയെയും മറികടന്നാണ് ലാലിഗ നേട്ടം സ്വന്തമാക്കിയത്.