SHARE

അമ്പയറിംഗുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങൾ നിറഞ്ഞ് നിന്ന ലോകകപ്പിനാണ് ഇന്നലെ ഇംഗ്ലണ്ടിൽ തിരശീല‌ വീണത്.‌ ആവേശം സൂപ്പർ ഓവറിലേക്ക് നീണ്ട കലാശപ്പോരാട്ടത്തിലും അമ്പയർമാർക്ക് ചില പിഴവുകൾ സംഭവിച്ചിരുന്നു. ഇതിൽ ഏറ്റവും വിവാദമായത് ഓവർത്രോ ബൗണ്ടറി പോയപ്പോൾ ഇംഗ്ലണ്ടിന് അമ്പയർമാർ 6 റൺസ് അനുവദിച്ച് നൽകിയതായിരുന്നു.

മത്സരം അതിന്റെ അവസാന ഓവറിൽ എത്തിയപ്പോളായിരുന്നു ഈ വിവാദ ഓവർത്രോ. സംഭവം ഇങ്ങനെ, ബോൾട്ടിന്റെ പന്ത്‌ ഡീപ്പ് മിഡ് വിക്കറ്റിലേക്ക് അടിച്ച ബെൻ സ്റ്റോക്ക്സ് രണ്ടാം റണ്ണിനായി ഓടി. ഈ സമയം കിവി താരം മാർട്ടിൻ ഗപ്തിൽ അതിവേഗം പന്തെടുത്ത് സ്ട്രൈക്കിംഗ് എൻഡിലേക്ക് എറിഞ്ഞു. റണ്ണൗട്ടിൽ നിന്ന് രക്ഷപെടാൻ ക്രീസിലേക്ക് ഡൈവ് ചെയ്ത സ്റ്റോക്ക്സിന്റെ ബാറ്റിൽത്തട്ടി പന്ത് ബൗണ്ടറിയിലെത്തി. ഇതോടെ അമ്പയർ കുമാർ ധർമ്മസേന ഇംഗ്ലണ്ടിന് 6 റൺസ് അനുവദിച്ച് നൽകി.

എന്നാൽ ഇതിനെതിരെയാണ് മുൻ ഐസിസി അമ്പയറായിരുന്ന സൈമൺ ടോഫൽ രംഗത്ത് വന്നിരിക്കുന്നത്. ഗപ്തിൽ ത്രോ എറിയുന്ന സമയം ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാർ പരസ്പരം ക്രോസ് ചെയ്തിട്ടുണ്ടായിരുന്നില്ലെന്നും അത് കൊണ്ട് തന്നെ അഞ്ച് റൺസേ അവിടെ ഇംഗ്ലണ്ടിന് ലഭിക്കുള്ളൂവെന്നും പറഞ്ഞ ടോഫൽ പക്ഷേ അമ്പയർമാർക്ക് വലിയ വീഴ്ച വരുകയായിരുന്നെന്നും കുറ്റപ്പെടുത്തി. ഒരു കാലത്ത് ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച അമ്പയറായിരുന്ന ടോഫലും, ഫൈനലിലെ അമ്പയറിംഗ് പിഴവ് ചൂണ്ടിക്കാട്ടി രംഗത്ത് വന്നതോടെ വലിയ വിവാദങ്ങൾക്കാണ് തിരി തെളിഞ്ഞിരിക്കുന്നത്.