SHARE

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലാദ്യമായി ഐ എസ് എൽ സെമി ഫൈനലിൽ എവേ ഗോൾ നിയമം നടപ്പിലാക്കുന്നു. ഇന്ന് നടക്കുന്ന നാലാം സീസൺ ഐ എസ് എല്ലിന്റെ ആദ്യ സെമി ഫൈനൽ മത്സരം മുതലാണ് ഈ നിയമം ഉപയോഗിക്കുക. ഐ എസ് എല്ലിന്റെ മുൻ സീസണുകളിൽ എവേ ഗോൾ നിയമം ഉണ്ടായിരുന്നില്ല. രണ്ടാം പാദ സെമി ഫൈനലിന്റെ നിശ്ചിത സമയത്തിന് ശേഷവും ഒരേ ഗോൾ നില തുടർന്നാൽ ആദ്യം എക്സ്ട്രാ സമയം അനുവദിക്കുകയും അവിടെയും തുല്യത പാലിക്കുകയാണെങ്കിൽ പെനാൽറ്റി ഷൂട്ടൗട്ട് നടത്തുകയുമായിരുന്നു മുൻ സീസണുകളിൽ ചെയ്ത് കൊണ്ടിരുന്നത്. ഇതിനാണ് ഈ വർഷം മുതൽ മാറ്റം വരുക.

യൂറോപ്യൻ ഫുട്ബോൾ ടൂർണമെന്റുകളുടെ ചുവടു പിടിച്ചാണ് ഐ എസ് എല്ലിലും എവേ ഗോൾ നിയമം കൊണ്ടു വരുന്നത്. 1960 ൽ യുവേഫ അവതരിപ്പിച്ച എവേ ഗോൾ നിയമം ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലൂടെ ഫുട്ബോൾ പ്രേമികൾക്ക് സുപരിചിതമാണ്. ഈ നിയമം അനുസരിച്ച് രണ്ട് ടീമുകൾ തമ്മിലുള്ള രണ്ടാം പാദ സെമി ഫൈനലിന്റെ നിശ്ചിത സമയം അവസാനിക്കുമ്പോളും ഗോൾ നില ഒരു പോലെയാണെങ്കിൽ കൂടുതൽ എവേ ഗോളുകൾ നേടിയിട്ടുള്ള ടീം ഫൈനലിലേക്ക് യോഗ്യത നേടും. എന്നാൽ എവേ ഗോളുകളിലും ടീമുകൾ തുല്യത പാലിക്കുകയാണെങ്കിൽ മത്സരത്തിൽ എക്സ്ട്രാ സമയം അനുവദിക്കുകയും. അധിക സമയത്തും ഗോൾ നില തുല്യമായി തുടർന്നാൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ വിജയികളെ തീരുമാനിക്കുകയുമാണ് ചെയ്യുക.

മാർച്ച് ഏഴ് മുതൽ 13 വരെയാണ് ഈ വർഷത്തെ ഐ എസ് എൽ സെമി ഫൈനൽ മത്സരങ്ങൾ നടക്കുക. മാർച്ച് ഏഴിനും, പതിനൊന്നിനും ബെംഗളൂരു VS പൂനെ പോരാട്ടവും, ഒൻപത്, പതിമൂന്ന് തീയതികളിൽ ഗോവ VS ചെന്നൈയിൻ പോരാട്ടവും നടക്കും. മത്സരങ്ങളെല്ലാം വൈകിട്ട് എട്ട് മണിക്കാണ്. മാർച്ച് 17 നാണ് നാലാം സീസൺ ഐ എസ് എല്ലിന്റെ കലാശപ്പോരാട്ടം.

ഐ എസ് എൽ സെമിഫൈനൽ ലൈനപ്പ്

മാർച്ച് 7 പൂനെ VS ബെംഗളൂരു

മാർച്ച് 9 ഗോവ VS ചെന്നൈയിൻ

മാർച്ച് 11 ബെംഗളൂരു VS പൂനെ

മാർച്ച് 13 ചെന്നൈയിൻ VS ഗോവ.