SHARE

ഗാലറിയിരിക്കുന്ന ആരാധകരുമായി നല്ല അടുപ്പം സൃഷ്ടിക്കുന്നവരാണ് ഫുട്‌ബോള്‍ താരങ്ങള്‍. അതിന് ചെയ്യുന്ന പ്രധാനകാര്യമാണ് ജേഴ്‌സിയും ഷോര്‍ട്‌സും ബൂട്ടുമൊക്കെ ആരാധകര്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഇതേ കാര്യത്തില്‍ തന്നെ വ്യത്യസ്തനായിരിക്കുകയാണ് ചെല്‍സി താരം സെസാര്‍ അസ്പിലിക്യൂട്ട.

വെസ്റ്റ് ബ്രോമിനെതിരെ വിജയിച്ച മത്സരത്തില്‍ ചെല്‍സിയുടെ നായകനായത് അസ്പിലിക്യൂട്ടയായിരുന്നു. മത്സരത്തിനിടെ ഗാലറിയിലിരുന്ന ഏഴ് വയസ്സുകാരനായ റെഗ്ഗി എന്ന ആരാധകന്‍ ഒരു ബാനര്‍ ഉയര്‍ത്തി, അതില്‍ ഇങ്ങനെയെഴുതി. സെസാര്‍, ഇന്നലെ എനിക്ക് പരിക്ക് പറ്റി അതിനാല്‍ ഒരു മാസത്തോളം ഫുട്‌ബോള്‍ കളിക്കാന്‍ സാധിക്കില്ല, എന്നെ സന്തോഷിപ്പിക്കാനായി നിങ്ങളുടെ ജേഴ്സി എനിക്ക് നല്‍കാമോ..??

മത്സരം ചെല്‍സി എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചു. മത്സരശേഷം റെഗ്ഗി ബാനര്‍ ഉയര്‍ത്തിനില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ, അസ്പിലിക്യൂട്ടയും ഇത് കണ്ടു. തുടര്‍ന്ന് റെഗ്ഗിയുടെ ചിത്രം വെച്ച് അസ്പിലിക്യൂട്ട ട്വീറ്റ് ചെയ്തു. തന്റോ ഓട്ടോഗ്രാഫോടെ ജേഴ്‌സി നല്‍കുന്നതില്‍ സന്തോഷമാണെന്നും, റെഗ്ഗിയുടെ മാതാപിതാക്കളോട് തന്നെ ബന്ധപ്പെടാനും അസ്പിലിക്യൂട്ട ട്വിറ്ററില്‍ ആവശ്യപ്പെട്ടു.

സ്പാനിഷ് താരമായ അസ്പിലിക്യൂട്ട കഴിഞ്ഞ സീസണില്‍ ചെല്‍സിയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഗാരി കാഹില്‍ ഇല്ലാത്തപ്പോള്‍ ക്യാപ്റ്റന്റെ ആംബാന്‍ഡും അസ്പിലിക്യൂട്ടയാണ് ധരിക്കാറുള്ളത്.