SHARE

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ മിന്നും പ്രകടനം നടത്തിയ പാക് യുവബാറ്റ്സ്മാൻ ബാബർ അസാം, ഐസിസിയുടെ പുതിയ ടി20 റാങ്കിംഗിൽ ബാറ്റ്സ്മാന്മാരിൽ ഒന്നാമതെത്തി. കഴിഞ്ഞ റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തായിരുന്ന താരം നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ഒന്നാം റാങ്കിലെത്തിയിരിക്കുന്നത്‌. ഓസീസിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയിൽ 68*, 45, 50 എന്നിങ്ങനെയായിരുന്നു അസം സ്കോർ ചെയ്തത്. ഓസ്ട്രേലിയയുടെ ആരോൺ ഫിഞ്ചും, ഇന്ത്യൻ താരം കെ.എൽരാഹുലുമാണ് ബാറ്റ്സ്മാന്മാരിൽ നിലവിൽ രണ്ടും മൂന്നും റാങ്കിലുള്ളത്.

ഇംഗ്ലണ്ട് താരം ജേസൺ റോയാണ് പുതിയ റാങ്കിംഗിൽ മുന്നേറ്റം നടത്തിയ മറ്റൊരു ബാറ്റ്സ്മാൻ. ശ്രീലങ്കയ്ക്കെതിരായ ഏക ടി20 യിൽ 69 റൺസ് നേടിയ റോയ് അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഒൻപതാം സ്ഥാനത്തെത്തി.

ബോളർമാരിൽ ആദ്യ അഞ്ച് റാങ്കിലുള്ള താരങ്ങൾ ലെഗ് സ്പിന്നർമാരാണെന്നതാണ് ഏറ്റവും വലിയ കൗതുകം. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാൻ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ടി20 ബോളിംഗ് റാങ്കിംഗിൽ, പാകിസ്ഥാന്റെ ഷദബ് ഖാൻ, ന്യൂസിലൻഡ് താരം ഇഷ് സോധി, ഇന്ത്യയുടെ യുസ്വേന്ദ്ര ചഹൽ, ഇംഗ്ലണ്ടിന്റെ ആദിൽ റഷീദ് എന്നിവരാണ് യഥാക്രമം രണ്ട് മുതൽ അഞ്ച് വരെ റാങ്കിലുള്ളത്.