SHARE

ക്രിക്കറ്റ് ലോകത്ത് വിരാട് കോഹ്‌ലിയുടെ ഒരു റിക്കാര്‍ഡിന് ഇളക്കം തട്ടിയിരിക്കുന്നു. പാക്കിസ്ഥാന്‍ യുവതാരം ബാബര്‍ അസമാണ് വിരാടിന്റെ റിക്കാര്‍ഡ് മറികടന്നത്. ട്വന്റി-20യില്‍ കുറഞ്ഞ ഇന്നിംഗ്‌സുകളില്‍ നിന്ന് 1000 റണ്‍സ് തികച്ച റിക്കാര്‍ഡാണ് ബാബറിന് സ്വന്തം. ന്യൂസിലന്‍ഡിനെതിരായ മുന്നാം മത്സരത്തിലാണ് ബാബറിന്റെ നേട്ടം.

26 ഇന്നിംഗ്‌സില്‍ നിന്നാണ് ബാബര്‍ 1000 തികച്ചത്. വിരാടിന് 27 ഇന്നിംഗ്‌സുകള്‍ വേണ്ടിവന്നു ഈ നേട്ടം സ്വന്തമാക്കാന്‍. 58 പന്തില്‍ 79 റണ്‍സെടുത്ത ബാബറിന്റെ മികവില്‍ മൂന്നാം മത്സരവും പാക്കിസ്ഥാന്‍ സ്വന്തമാക്കിയിരുന്നു. രണ്ടു സിക്‌സറുകളും ഏഴു ബൗണ്ടറിയും ബാബറിന്റെ ഇന്നിംഗ്‌സിന് ചാരുതയേകി.

ആദ്യ ട്വന്റി-20യില്‍ രണ്ടു റണ്‍സിന് ജയിച്ച പാക്കിസ്ഥാന്‍ പിന്നീടുള്ള മത്സരങ്ങള്‍ വലിയ പോരാട്ടമില്ലാതെ തന്നെ ജയിച്ചു കയറുകയായിരുന്നു. തുടര്‍ച്ചയായി 13 ട്വന്റി-20കളില്‍ ജയിക്കാനും പാക് നിരയ്ക്കായി. ഇനി ന്യൂസിലന്‍ഡിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പരകളാണ് ടീമിനെ കാത്തിരിക്കുന്നത്.