SHARE

ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ രാജസ്ഥാൻ റോയൽസിന്റെ പാതി ഓഹരികൾ വാങ്ങാൻ ബോളിവുഡ് സൂപ്പർ താരം അഭിഷേക് ബച്ചനും കുടുംബവും താല്പര്യം പ്രകടിപ്പിച്ചെന്ന് റിപ്പോർട്ട്. ഐപിഎല്ലിന്റെ ഭാഗമാകാൻ ബച്ചൻ കുടുംബത്തിന് താല്പര്യമുണ്ടെന്നും, ആദ്യം ചെന്നൈ സൂപ്പർ കിംഗ്സിനേയും, പിന്നീട് രാജസ്ഥാൻ റോയൽസിനേയും ഇതിന്റെ ഭാഗമായി അവർ സമീപിച്ചെന്നുമാണ് വാർത്തകൾ. രാജസ്ഥാൻ റോയൽസിന്റെ ഭൂരിഭാഗം ഓഹരികളും കൈവശം വെച്ചിരിക്കുന്ന മനോജ് ബഡാലെയുമായി കഴിഞ്ഞ ദിവസം അഭിഷേക് ബച്ചൻ ചർച്ചകൾ നടത്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നേരത്തെ കഴിഞ്ഞയാഴ്ചയാണ്‌ രാജസ്ഥാൻ റോയൽസിന്റെ പാതി ഓഹരികൾ വിൽക്കാൻ ഉടമകൾതയ്യാറെടുക്കുന്നുവെന്ന് വാർത്തകൾ പുറത്ത് വന്നത്. എന്നാൽ സാമ്പത്തിക‌ പ്രശ്നങ്ങളാണോ, അതോ കൂടുതൽ മൂലധനം സ്വരൂപിക്കാനാണോ വില്പനയെന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ഐപിഎല്ലിന്റെ ആദ്യ സീസണിൽ കിരീടം നേടിയ ടീമാണ് രാജസ്ഥാൻ റോയൽസ്. ഒത്തുകളി‌ വിവാദത്തെത്തുടർന്ന് രണ്ട് വർഷ വിലക്ക് ലഭിച്ചിരുന്ന രാജസ്ഥാൻ കഴിഞ്ഞ സീസണിൽ ഐപിഎല്ലിലേക്ക് മടങ്ങിയെത്തിയെങ്കിലും ടീമിന്റെ താരമൂല്യം വല്ലാതെ കുറഞ്ഞിരുന്നു.