SHARE

നാളെയാണ് ലോകകപ്പിലെ ആദ്യ സെമി‌ഫൈനൽ. വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യയും, കെയിൻ വില്ല്യംസൺ നയിക്കുന്ന ന്യൂസിലൻഡുമാണ് സെമിയിൽ നേർക്കുനേർ വരുന്നത്. ലോകകപ്പ് സെമിയിൽ ഇത്തവണ ഇന്ത്യ-ന്യൂസിലൻഡ് പോരാട്ടം നടക്കുന്നതിന് മുൻപ് ക്രിക്കറ്റ് പ്രേമികളുടെ ഓർമ്മകൾ 11 വർഷങ്ങൾ പിന്നിലേക്ക്‌ സഞ്ചരിച്ച് 2008 ലെ അണ്ടർ 19 ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് എത്തി നിൽക്കുന്നുണ്ട്.

2008 ൽ ഇന്ത്യ കിരീടം ചൂടിയ അണ്ടർ 19 ലോകകപ്പിന്റെ സെമി ഫൈനലിൽ അവരുടെ എതിരാളികൾ ന്യൂസിലൻഡായിരുന്നു. വിരാട് കോഹ്ലി യായിരുന്നു അന്ന് ഇന്ത്യയെ നയിച്ചിരുന്നതെങ്കിൽ കെയിൻ വില്ല്യംസണായിരുന്നു ന്യൂസിലൻഡ് ക്യാപ്റ്റ‌ൻ. 11 വർഷങ്ങൾക്ക്‌ശേഷം സീനിയർ ലോകകപ്പിന്റെ സെമി‌ഫൈനലിലും ഇരുവരും നയിച്ച ടീമുകൾ സെമി‌ഫൈനലിലെത്തിയത് ക്രിക്കറ്റ് ലോകത്തിന് മുഴുവൻ വലിയ അത്ഭുതം സമ്മാനിക്കുന്നുണ്ട്.

വിരാട് കോഹ്ലിക്കും, കെയിൻ വില്ല്യംസണും പുറമേ ഇപ്പോൾ ലോകകപ്പ് കളിച്ച് കൊണ്ടിരിക്കുന്ന ടീമിലുള്ള രവീന്ദ്ര ജഡേജ, ടിം സൗത്തി എന്നീ താരങ്ങളും 11 വർഷങ്ങൾക്ക് മുൻപ് നടന്ന ഈ മത്സരത്തിലുണ്ടായിരുന്നു. അന്ന് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ 205/8 എന്ന‌ സ്കോർ നേടിയപ്പോൾ ഇന്ത്യ 41.3 ഓവറുകളിൽ ഡക്ക് വർത്ത് ലൂയിസ് നിമയപ്രകാരം വിജയം കാണുകയായിരുന്നു. ന്യൂസിലൻഡ് നായകനായിരുന്നു കെയിൻ വില്ല്യംസണിന്റെ വിക്കറ്റ് ഈ മത്സരത്തിൽ സ്വന്തമാക്കിയത് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയായിരുന്നു.