SHARE

ദക്ഷിണാഫ്രിക്കൻ സ്റ്റാർ പേസർ കാഗിസോ റബാഡ ഈ സീസൺ ഐപിഎല്ലിൽ ഇനി കളിക്കില്ല. താരത്തിന്റെ ഐപിഎൽ ടീമായ ഡെൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടി നൽകുന്ന വാർത്തയാണിത്. പുറം വേദനയെത്തുടർന്ന് ചെന്നൈ‌സൂപ്പർ കിംഗ്സിനെതിരായ അവസാന മത്സരത്തിൽ നിന്ന് വിട്ടുനിന്ന റബാഡയെ ക്രിക്കറ്റ് സൗത്താഫ്രിക്ക നാട്ടിലേക്ക് മടക്കി വിളിക്കുകയായിരുന്നു.

ഈ‌ വർഷം ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ നിർണായക താരമാകുമെന്ന് കരുതപ്പെടുന്ന കളികാരനാണ് റബാഡ. അത് കൊണ്ടു തന്നെ ഐപിഎല്ലിൽ സംഭവിച്ച പുറം വേദന വഷളാവാതിരിക്കാനുള്ള മുൻ കരുതലെന്ന നിലയിലാണ് റബാഡയെ അവർ നാട്ടിലേക്ക് തിരിച്ച് വിളിച്ചിരിക്കുന്നത്. പ്ലേ ഓഫ് അടുത്തെത്തി നിൽക്കേ ഡെൽഹി ടീമിൽ നിന്ന് മടങ്ങേണ്ടി‌വന്നത് അത്യന്തം നിരാശാജനകമാണെന്നും, ഡെൽഹി ഇത്തവണ കിരീടമുയർത്തുമെന്ന് താൻ കരുതുന്നതായും ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര തിരിക്കും മു‌മ്പ് റബാഡ പറഞ്ഞു.

ഈ‌ സീസണിൽ ഡെൽഹിയെ പ്ലേ ഓഫിലെത്തിച്ചതിൽ നിർണായക പങ്ക് വഹിച്ച താരമാണ് റബാഡ. സീസണിൽ ഇത് വരെ കളിച്ച 12 മത്സരങ്ങളിൽ നിന്ന് 14.72 ശരാശരിയിൽ 25 വിക്കറ്റുകൾ വീഴ്ത്തിയ റബാഡയാണ് നിലവിൽ വിക്കറ്റ് വേട്ടയിലും മുന്നിൽ. റബാഡയില്ലാതെ കളിക്കേണ്ടി വരുന്നത് പ്ലേ ഓഫിൽ ഡെൽഹി ബോളിംഗിന്റെ ശക്തി കുറയ്ക്കും. അത് കൊണ്ടു തന്നെ ടീമിന് നികത്താനാവാത്ത നഷ്ടമാണ് താരത്തിന്റെ മടങ്ങിപ്പോക്ക്.