SHARE

ക്രിക്കറ്റില്‍ പൂജ്യത്തിന് പുറത്താകുന്നത് അത്ര വലിയ കാര്യമൊന്നുമല്ല. എന്നാല്‍ ഓപ്പണര്‍മാര്‍ രണ്ടുപേരും ഒരേ ഇന്നിംഗ്‌സില്‍ സംപൂജ്യത്തിന് പുറത്താകുകയെന്നത് അപൂര്‍വമായി സംഭവിക്കുന്നതാണ്. ഹൈദരാബാദ് ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരേ വിന്‍ഡീസ് ഓപ്പണര്‍മാര്‍ ആ അപൂര്‍വത ആവര്‍ത്തിച്ചു. ക്രെയ്ഗ് ബ്രെത്‌വെയ്റ്റും സഹ ഓപ്പണര്‍ കെയ്‌റണ്‍ പവലും പുറത്തായത് ഒരു റണ്‍സ് പോലും നേടാതെ!

ക്രെയ്ഗ് നേരിട്ട രണ്ടാംപന്തില്‍ തന്നെ തിരിച്ചെത്തിയപ്പോള്‍ പവലിന് ഒന്‍പത് പന്തിന്റെ സാവകാശം ലഭിച്ചു. ടെസ്റ്റില്‍ പതിനൊന്നാം തവണയാണ് നാലാം ഇന്നിംഗ്‌സില്‍ ഓപ്പണര്‍മാര്‍ രണ്ടുപേരും പൂജ്യത്തിന് പുറത്താകുന്നത്. ഇക്കാര്യത്തില്‍ ബ്രെത്‌വെയ്റ്റിനെ കാത്ത് മറ്റൊരു നാണക്കേടു കൂടിയുണ്ട്.

ഇതു രണ്ടാംതവണയാണ് ഇത്തരമൊരു കൂട്ടഡക്കില്‍ താരം പങ്കാളിയാകുന്നത്. 2015ല്‍ ജൂലായില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ സബീന പാര്‍ക്കില്‍ രജീന്ദ്ര ചന്ദ്രികയും ബ്രെത്‌വെയ്റ്റും സംപൂജ്യരായി മടങ്ങിയിരുന്നു. അന്ന് 277 റണ്‍സിനാണ് വിന്‍ഡീസ് തോറ്റത്. വിന്‍ഡീസ് നിരയിലെ പ്രതിഭധനരായ കളിക്കാരുടെ പട്ടികയിലാണ് ബ്രെത്‌വെയ്റ്റിന്റെ സ്ഥാനം. പക്ഷേ ഇന്ത്യയില്‍ തിളങ്ങാനായില്ലെന്ന് മാത്രം.