SHARE

ഐസ്ലൻഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ തങ്ങളുടെ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിയായിരിക്കും ക്രൊയേഷ്യ കളിക്കുക എന്ന് സൂചന. നോക്കൗട്ട് മത്സരത്തിന് മുൻപ് പ്രധാന താരങ്ങൾ പരിക്കിന്റെ പിടിയിലാകാതിരിക്കാനും കാർഡുകൾ വാങ്ങി സസ്പെൻഷനിലേക്ക് പോവാതിരിക്കാനുമാണ് ക്രൊയേഷ്യൻ ടീമിന്റെ ഇത്തരത്തിലൊരു നീക്കം.

ടീമിൽ പരീക്ഷണം നടത്താൻ ഒരുങ്ങുന്നത് ക്രൊയേഷ്യയാണെങ്കിലും ഈ വാർത്ത ഏറ്റവും വലിയ തലവേദന നൽകുന്നത് അർജന്റീനയ്ക്കാണ്. ഐസ്ലൻഡിനെതിരായ അവസാന മത്സരത്തിൽ ക്രൊയേഷ്യ ജയിക്കേണ്ടത് അർജന്റീനയുടേയും ആവശ്യമാണ്. അവരുടെ പ്രീക്വാർട്ടർ യോഗ്യത പോലും ഐസ്ലൻഡ് – ക്രൊയേഷ്യ മത്സരഫലത്തെ ആശ്രയിച്ചാണ്. പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിയിറങ്ങുന്ന ക്രൊയേഷ്യയെ പരാജയപ്പെടുത്താൻ ഐസ്ലൻഡിന് കഴിഞ്ഞാൽ അർജന്റീനയുടെ പ്രീക്വാർട്ടർ യോഗ്യത അവതാളത്തിലാകും.

ഇവാൻ റാക്കിട്ടിച്ച്, മരിയോ മാൻസൂക്കിച്ച്, ആന്റെ റെബിച്ച് തുടങ്ങിയ ആറോളം ക്രൊയേഷ്യൻ താരങ്ങളാണ് സസ്പെൻഷന് തൊട്ടരികിൽ നിൽക്കുന്നത്. അവസാന മത്സരത്തിൽ ഐസ്ലൻഡിനെതിരെ മഞ്ഞക്കാർഡ് ലഭിച്ചാൽ പ്രീക്വാർട്ടർ മത്സരത്തിൽ കളിക്കാൻ ഈ താരങ്ങൾക്ക് കഴിയില്ല, ഇത് കൊണ്ടു തന്നെ പരിശീലകൻ സ്ലാറ്റ്ക്കോ ഡാലിച്ച് അവസാന മത്സരത്തിൽ റിസ്കെടുക്കാൻ തയ്യാറാകുമോ എന്നത് കണ്ടറിയണം.