SHARE

ഐലീഗ് ഫുട്‌ബോളിന്റെ ആദ്യ കളിയില്‍ തന്നെ വമ്പന്മാരായ മോഹന്‍ ബഗാനെ ഞെട്ടിച്ച് തുടക്കക്കാരനായ മിനേര്‍വ പഞ്ചാബ്. സ്വന്തം തട്ടകത്തില്‍ ഓരോ ഗോളടിച്ചാണ് ഇരുടീമുകളും സമനിലയില്‍ പിരിഞ്ഞത്. പ്രീസീസണില്‍ മികച്ച പ്രകടനം നടത്തിയ ബഗാന് പക്ഷേ ഐലീഗില്‍ പിഴച്ചു.

ആദ്യ പകുതിയില്‍ ഹോം ടീം പതുങ്ങിയപ്പോള്‍ ബഗാന്‍ കത്തിക്കയറി. സോണി നോര്‍ദെയും ഡികയിം ക്രോമയും അടങ്ങുന്ന ബഗാന്‍ മുന്നേറ്റം എതിരാളികള്‍ക്ക് പലപ്പോഴും ഭീതി നിറഞ്ഞ നിമിഷങ്ങള്‍ സമ്മാനിച്ചു. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് സോണി നോര്‍ദെയുടെ ഗോളിലൂടെ ബഗാന്‍ മുന്നിലെത്തി.

എന്നാല്‍ മറ്റൊരു ടീമിനെയാണ് ബഗാന്‍ രണ്ടാം പകുതിയില്‍ നേരിട്ടത്. മിനേര്‍വയുടെ ആവേശം നിറഞ്ഞ മുന്നേറ്റം പലപ്പോഴും ബഗാനെ ഞെട്ടിച്ചു. മൊയിനുദ്ദീന്‍ കളിയവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കേ മിനേര്‍വയ്ക്ക് സമനില സമ്മാനിച്ചു. ഗോകുലം എഫ്‌സിയും ലജോംഗും തമ്മിലുള്ള മത്സരം 27നാണ്.