SHARE

ഐ.എസ്.എൽ ക്ലബ് എ.ടി.കെയുമായി ലയിക്കുമ്പോൾ നിലവിൽ വരുന്ന പുതിയ ക്ലബിനൊപ്പം തുടരാനുള്ള ആ​ഗ്രഹം പ്രകടിപ്പിച്ച് മോഹൻ ബ​ഗാൻ താരം ജോസെബ ബെയ്റ്റിയ. ഈ ഐ-ലീ​ഗിൽ ബ​ഗാന്റെ കിരീടനേട്ടത്തിന് പിന്നിൽ പ്രധാനപങ്ക് വഹിച്ച താരമാണ് സ്പാനിഷ് മിഡ്ഫീൽഡറായ ജോസെബ

ഇന്ത്യയിലേക്ക് വന്നത് തന്നെ ഐ.എസ്.എൽ കളിക്കാനാണ്, പക്ഷെ എനിക്കറിയില്ല എന്റെ ഭാവി എന്താകുമെന്ന്. ഈ ടീമിനൊപ്പം തന്നെ ഐ.എസ്.എല്ലിൽ കളിക്കാനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്, പക്ഷെ ക്ലബ് മാനേജ്മെന്റിൽ നിന്ന് ഇതുവരെ അത്തരമൊരു ചർച്ച നടന്നിട്ടില്ല, ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജോസെബ പറഞ്ഞു.

ഞാൻ ബ​ഗാനൊപ്പം തുടരണമെന്ന് തന്നെയാണ് ആരാധകരും ആ​ഗ്രഹിക്കുന്നത്, അതെനിക്കറിയാം, പക്ഷെ ഒന്നും എന്റെ കൈയ്യിലല്ല, ക്ലബിന് എന്നെ വേണ്ട എന്നാണെങ്കിൽ അതിലെനിക്ക് ഒന്നും ചെയ്യാനാകില്ല, ജോസെബ കൂട്ടിച്ചേർത്തു.

ബ​ഗാനായി 17 ഐ-ലീ​ഗ് മത്സരങ്ങളിൽ നിന്ന് നാല് ​ഗോളുകൾ നേടിയ ജോസെബ പത്ത് ​ഗോളുകൾക്ക് വഴിയൊരുക്കി. ഈ പ്ലേ മേക്കിങ് മികവാണ് ടീമിന്റെ കുതിപ്പിൽ പ്രധാനമായത്. എന്നാൽ ബ​ഗാൻ എ.ടി.കെയിൽ ലയിക്കുമ്പോൾ പുതിയ ടീമിൽ ബ​ഗാന്റെ വിദേശതാരങ്ങളുടെ സാന്നിധ്യം ഉറപ്പില്ല. ഈ സാഹചര്യത്തിൽ ബ​ഗാൻ പരിശീലകനായിരുന്നു കിബു വിക്കുനയ്ക്കൊപ്പം ജോസെബയും ഫ്രാൻ ​ഗോൺസാലസുമടക്കമുള്ള താരങ്ങൾ കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് വരുമെന്ന് സൂചനയുണ്ടായിരുന്നു.