SHARE

ഏഎഫ്സി കപ്പിന്റെ ഇന്റർ സോൺ സെമിഫൈനൽ പോരാട്ടത്തിനായി എടികെ മോഹൻ ബ​ഗാൻ ബുധനാഴ്ച ഇറങ്ങുകയാണ്. ഉസ്ബക്കിസ്ഥാൻ ക്ലബ് എഫ്സി നസാഫാണ് ബ​ഗാന്റെ എതിരാളികൾ. ഇന്ത്യൻ സമയം ബുധനാഴ്ച രാത്രി എട്ടരയ്ക്ക് ഉസ്ബക്കിസ്ഥാനിലാണ് ഈ മത്സരം അരങ്ങേറുക.

ഫ്രഞ്ച് സൂപ്പർതാരം ഹ്യൂ​ഗോ ബോമോ ഇല്ലാതെയാണ് ബ​ഗാൻ നസാഫിനെ നേരിടുന്നത്. നേരത്തെ ​ഗ്രൂപ്പ് ഘട്ടത്തിൽ ബോമോയുടെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ കൂടിയായിരുന്നു നോക്കൗട്ടിലേക്കുള്ള ബ​ഗാന്റെ കുതിപ്പ്. ബോമോയ്ക്ക് പരുക്കേറ്റതോടെ ഫിൻലൻഡ് താരം ജോണി കൗക്കോയാണ് അന്റോണിയോ ലോപ്പസ് ഹബാസിന്റെ ടീമിൽ ഇടം പിടിച്ചിരിക്കുന്നത്. കൗക്കോയുടേതടക്കമുള്ള താരങ്ങളുടെ വരവ് ബ​ഗാനെ കൂടുതൽ കരുത്തരാക്കിയെന്നാണ് ബ​ഗാൻ ഡിഫൻ‍ഡർ സുഭാശിഷ് ബോസ് പറയുന്നത്. മത്സരത്തിന് മുൻപായി മാധ്യമങ്ങളെകണ്ട സുഭാശിഷ് ബ​ഗാൻ നല്ല ആത്മവിശ്വാസത്തിലാണെന്ന് വ്യക്തമാക്കി.

ബ​ഗാൻ ടീമിന്റെ ഏറ്റവും വലിയ കരുത്ത് ഞങ്ങളുടെ ഐക്യമാണ്, കഴിഞ്ഞ തവണത്തേതിനേക്കാൾ ശക്തമാണ് ഞങ്ങളുടെ ടീമിപ്പോൾ, വിജയകരമായ കരിയർ അവകാശപ്പെടാവുന്ന ഹബാസെന്ന് പരിശീലകൻ ഞങ്ങൾക്കൊപ്പമുണ്ട്, ​ഗോളടിക്കാൻ റോയ് കൃഷ്ണ, ഡേവിഡ് വില്യംസ്, മൻവീർ സിങ്ങ് തുടങ്ങിയവരുണ്ട്, മധ്യനിരയിലും പിൻനിരയിലും ദേശീയ ടീമിലെ ഏറ്റവും മികച്ച താരങ്ങളുടെ സാന്നിധ്യമുണ്ട്, ഇതിനുപുറമെ നല്ല കരുത്തുറ്റ റിസർവ് നിരയുമുണ്ട്, സുഭാശിഷ് പറഞ്ഞു.

ബ​ഗാൻ‍ ടീമിന് എന്തെങ്കിലും ദൗർബല്യങ്ങളുണ്ടോയെന്ന ചോ​ദ്യവും സുഭാശിഷ് നേരിട്ടു. എന്നാൽ അത് താൻ പറയില്ലന്നും, വേണമെങ്കിൽ എതിരാളികൾ ആ ദൗർബല്യം കണ്ടെത്തട്ടേയെന്നുമായിരുന്നു സുഭാശിഷ് മറുപടി കൊടുത്തത്.