SHARE

പാകിസ്ഥാനെതിരായ മൂന്നാം ഏകദിനത്തിൽ ഔട്ടായതിന് പിന്നാലെ ബാറ്റ് കൊണ്ട് സ്റ്റമ്പിലിടിച്ച ഇംഗ്ലണ്ട് ഓപ്പണർ ജോണി ബെയർസ്റ്റോവിന് മാച്ച് റഫറിയുടെ താക്കീതും, ഒരു ഡീമെറിറ്റ് പോയിന്റും ശിക്ഷ. ഇതാദ്യമായാണ് ബെയർസ്റ്റോയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു അച്ചടക്ക ലംഘനം വരുന്നത് എന്നതിനാലാണ് അദ്ദേഹം കൂടുതൽ ശിക്ഷാനടപടികളിൽ നിന്ന് രക്ഷപെട്ടത്.

ബ്രിസ്റ്റോളിൽ ഇംഗ്ലണ്ട് വിജയം നേടിയ മൂന്നാം ഏകദിനത്തിലായിരുന്നു സംഭവം. മത്സരത്തിൽ 93 പന്തിൽ 128 റൺസെടുത്ത ജോണി ബെയർസ്റ്റോ ഇംഗ്ലണ്ട് ഇന്നിംഗ്സിന്റെ ഇരുപത്തിയൊൻപതാം ഓവറിൽ പുറത്തായി. നന്നായി കളിച്ച് കൊണ്ടിരിക്കെ പുറത്തായത് അദ്ദേഹത്തെ നിരാശനാക്കി. ജുനൈദ് ഖാന്റെ പന്തിൽ ഔട്ടായതിന് പിന്നാലെ അദ്ദേഹം തന്റെ ബാറ്റ് ഉപയോഗിച്ച് സ്റ്റമ്പിൽ അടിക്കുകയായിരുന്നു. താൻ കുറ്റം ചെയ്തെന്ന് ബെയർസ്റ്റോ തുറന്ന് സമ്മതിച്ചതിനാൽ സംഭവത്തിൽ ബെയർസ്റ്റോയ്ക്ക് മാച്ച് റഫറിയുടെ മുന്നിൽ ഫോർമൽ ഹിയറിംഗിന് ഹാജരാവേണ്ടി‌വന്നില്ല.