SHARE

അടുത്ത വർഷം ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന അണ്ടർ 19 ലോകകപ്പിൽ കളിക്കുന്ന ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ലങ്കാഷെയറിന്റെ ബോളിംഗ് ഓൾ റൗണ്ടർ ജോർജ് ബാൾഡേഴ്സണാണ് ടൂർണമെന്റിൽ അവരെ നയിക്കുക. ഇന്നാണ് കൗമാര ലോകകപ്പിനുള്ള തങ്ങളുടെ ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്.

അണ്ടർ 19 ലോകകപ്പിന്റെ പതിമൂന്നാമത് എഡിഷനാണ് ഇത്തവണ ദക്ഷിണാഫ്രിക്കയിൽ നടക്കാൻ പോകുന്നത്. 2020 ജനുവരി 17 ന് ആരംഭിച്ച് ഫെബ്രുവരി 9 ന് അവസാനിക്കുന്ന ലോകകപ്പിൽ 16 ടീമുകൾ പങ്കെടുക്കും. 4 ടീമുകൾ വീതമുള്ള 4 ഗ്രൂപ്പുകളിലായിട്ടാണ് ആദ്യ റൗണ്ട് നടക്കുക. തുടർന്ന് ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ വീതം അടുത്ത ഘട്ടത്തിലേക്ക് മുന്നേറുന്ന വിധത്തിലാണ് ഫിക്സ്ചർ‌. ഓസ്ട്രേലിയ, വെസ്റ്റിൻഡീസ്, നൈജീരിയ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ലോകകപ്പിൽ ഇംഗ്ലണ്ട് കളിക്കുക. ഇതിന് മുൻപ് ഒരു തവണ മാത്രമാണ് ഇംഗ്ലണ്ട് അണ്ടർ 19 ലോകകപ്പിൽ കിരീടം ചൂടിയിട്ടുള്ളത്. 1998 ൽ ഒവൈസ് ഷാ ടീമിന്റെ നായകനായിരുന്നപ്പോളായിരുന്നു അത്.