SHARE

സീസണ് മുന്നോടിയായുള്ള അവസാന സന്നാഹമത്സരത്തിനുള്ള റയൽ മഡ്രിഡ് ടീമിൽ സൂപ്പർ താരം ​ഗാരത് ബെയിൽ ഇടംപിടിച്ചു. ഇറ്റാലിയൻ ക്ലബായ റോമയ്ക്കെതിരെ നടക്കുന്ന മത്സരത്തിനുള്ള സ്ക്വാഡിലാണ് ബെയിൽ ഇടം പിടിച്ചത്. ഇറ്റലിയിലാണ് മത്സരം നടക്കുന്നത്.

ബെയിലിനെ വിൽക്കാൻ ശ്രമം നടത്തുന്നതായി പരിശീലകൻ സിനദിൻ സിദാൻ പറഞ്ഞതോടെ താരവും ടീമും തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമായിരുന്നു. പിന്നാലെ ഒരു ചൈനീസ് ക്ലബ് ബെയിലിന് വൻപ്രതിഫലം വാ​ഗ്ദാനം ചെയ്തിരുന്നു. എന്നാലീ ട്രാൻസ്ഫർ നടന്നില്ല. ഇതിനുപുറമെ ഇതുവരെ നടന്ന ഒട്ടുമിക്ക സന്നാഹമത്സരങ്ങളിലും ബെയിലിനെ സിദാൻ ടീമിലുൾപ്പെടുത്തിയിരുന്നില്ല.

കഴിഞ്ഞയാഴ്ച റെഡ്ബുൾ സാൽസ്ബർ​ഗിനെതിരായ മത്സരത്തിൽ നിന്നും ബെയിലിനെ ഒഴിവാക്കിയിരുന്നു. എന്നാൽ ഒരുപിടി പുതിയ താരങ്ങളെത്തിയിട്ടും റയലിന് മികവിലേക്കുയരാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ബെയിലിനെ ഒഴിവാക്കേണ്ടെന്നും ക്ലബിനുള്ളിൽ അഭിപ്രായമുണ്ട്. അതിനാൽ തന്നെ ഇപ്പോൾ ടീമിലുൾപ്പെടുത്തിതോടെ ബെയിൽ റയലിൽ തുടരും എന്ന സൂചനയാണ് ലഭിക്കുന്നത്.