SHARE

റയല്‍ മാഡ്രിഡിന്റെ വെയ്ല്‍സ് സൂപ്പര്‍ താരം ഗാരെത് ബെയ്‌ലിന് സുഖകരമായ ഓര്‍മകളാകില്ല 2017 സമ്മാനിച്ചത്. പരിക്കും മോശം ഫോമും വില്ലനായെത്തിയതോടെ ബെയ്ല്‍ പ്രഭാവത്തിനും മങ്ങലേറ്റു. എന്നാല്‍ ഫിഫ ക്ലബ് ലോകകപ്പ് ഫൈനലില്‍ വീണ്ടും ഫോമിലേക്ക് തിരിച്ചെത്തിയ ബെയ്ല്‍ ഈ വര്‍ഷം നന്നായി അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. അതിനിടെ ശനിയാഴ്ച്ച ബാഴ്‌സലോണയ്‌ക്കെതിരേ നടക്കുന്ന എല്‍ക്ലാസിക്കോയില്‍ ബെയ്‌ലിന്റെ സ്ഥാനം സംബന്ധിച്ച് കോച്ച് സിനദീന്‍ സിദാന്‍ മനസു തുറന്നിരിക്കുകയാണ്.

ഏറെനാള്‍ സൈഡ് ബെഞ്ചിലായിരുന്ന ബെയ്ല്‍ പൂര്‍ണമായും ഫിറ്റായിട്ടില്ലെന്ന് സിദാന്‍ പറയുന്നു. പകരക്കാരനായി കൂടുതല്‍ മത്സരങ്ങളില്‍ കളത്തിലിറക്കിയ ശേഷം ബെയ്‌ലിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താനാണ് മാനേജ്‌മെന്റിന്റെ പദ്ധതി. അതുകൊണ്ട് തന്നെ എല്‍ക്ലാസിക്കോയില്‍ വെയ്ല്‍സ് താരം പകരക്കാരുടെ ബെഞ്ചില്‍ തന്നെയാകും. ക്ലബ് ലോകകപ്പില്‍ അല്‍ജസീറയ്‌ക്കെതിരേ റയലിന്റെ വിജയഗോള്‍ നേടിയത് ബെയ്ല്‍ ആയിരുന്നു.

എണ്‍പത്തിയൊന്നാം മിനിറ്റിലായിരുന്നു ബെയ്‌ലിന്റെ ഗോള്‍. 2013ല്‍ സാന്റിയാഗോ ബര്‍ണേവുവിലെത്തിയ ബെയ്ല്‍ ടീമിനായി ഇതുവരെ നേടിയത് 56 ഗോളുകളാണ്. 105 മത്സരങ്ങളിലായിരുന്നു ഇത്. സമീപകാലത്ത് റയല്‍ നേടിയ വിജയങ്ങളില്‍ ബെയ്‌ലിന്റെ സംഭാവന വലുതാണ്. ബിബിസി സഖ്യം വീണ്ടും ഒന്നിക്കുന്നതോടെ ലാലിഗയില്‍ തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലാണ് റയല്‍.