SHARE

ഐപിഎല്‍ പുരോഗമിക്കുന്തോറും ബൗളര്‍മാര്‍ക്ക് പുതിയൊരു എതിരാളിയെക്കൂടി കിട്ടിയിരിക്കുകയാണ്. മറ്റാരുമല്ല, സ്റ്റംപിന്റെ മുകളിലിരിക്കുന്ന ബെയ്ല്‍സ് തന്നെ. ഞായറാഴ്ച്ച നടന്ന രാജസ്ഥാന്‍ റോയല്‍സ്- കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മത്സരത്തിലും ബെയ്ല്‍സ് വില്ലനായി. ഇത്തവണ നിര്‍ഭാഗ്യവാനായ ബൗളര്‍ ധവല്‍ കുല്‍ക്കര്‍ണി ആയിരുന്നു.

രാജസ്ഥാന്‍ ഉയര്‍ത്തിയ 140 റണ്‍സിന്റെ വിജയലക്ഷ്യം കൊല്‍ക്കത്ത പിന്തുടരുമ്പോഴാണ് ബെയ്ല്‍സ് വില്ലനായത്. ക്രിസ് ലിന്‍ ആയിരുന്നു ക്രീസില്‍. കുല്‍ക്കര്‍ണിയുടെ പന്ത് ലിന്നിന്റെ ബാറ്റിനെ മറികടന്ന് ലെഗ് സ്റ്റംപില്‍ കൊണ്ടു. രാജസ്ഥാന്‍ ആഘോഷം തുടങ്ങുകയും ലിന്‍ തിരികെ മടങ്ങാന്‍ ശ്രമിക്കുകയും ചെയ്ത സമയത്താണ് ബെയ്ല്‍സ് വീണില്ലെന്ന സത്യം ഏവരും മനസിലാക്കുന്നത്.

പന്താകട്ടെ സ്റ്റംപില്‍ തട്ടി ബൗണ്ടറി കടക്കുകയും ചെയ്തു. ഇതോടെ ലിന്‍ തിരികെയെത്തി ബാറ്റിംഗ് പുനരാരംഭിച്ചു. 13 റണ്‍സായിരുന്ന ലിന്നിന്റെ അപ്പോഴത്തെ സ്‌കോര്‍. അര്‍ധസെഞ്ചുറി നേടിയ ഓസീസ് താരം കൊല്‍ക്കത്തയെ ജയത്തിലേക്ക് നയിക്കുകയും ചെയ്തു. കഴിഞ്ഞദിവസം പഞ്ചാബിന്റെ കെ.എല്‍. രാഹുലും ബെയ്ല്‍സ് വീഴാത്തതിനാല്‍ റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ക്യാമറ സ്റ്റംപില്‍ ഘടിപ്പിച്ചതിനാല്‍ സ്റ്റംപ് കൂടുതല്‍ ഉറപ്പിച്ച് നിര്‍ത്തിയിരിക്കുന്നതാണ് ബെയ്ല്‍സ് വീഴാത്തതിന് കാരണം.