SHARE

ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെയുണ്ടായ പന്ത് ചുരണ്ടൽ വിവാദത്തിന്റെ അലയൊലികൾ ക്രിക്കറ്റിൽ നിന്ന് മാഞ്ഞ് തുടങ്ങുന്നതേയുള്ളൂ ഇപ്പോളിതാ അതിനിടയിൽ മറ്റൊരു പന്ത് ചുരണ്ടൽ വിവാദം കൂടി സംഭവിച്ചിരിക്കുന്നു.

ശ്രീലങ്കയും വെസ്റ്റിൻഡീസും തമ്മിൽ നടന്ന് കൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിനിടയിലാണ് പന്ത് ചുരണ്ടൽ വിവാദം ഉയർന്നിരിക്കുന്നത്. മത്സരത്തിന്റെ രണ്ടാം ദിനമായ ഇന്നലെ ശ്രീലങ്കൻ താരം ദിനേഷ് ചണ്ടിമാൽ ഉമിനീരിനൊപ്പം മറ്റൊരു വസ്തു കൂടി കൂട്ടിച്ചേർത്ത് പന്തിനെ മിനുസപ്പെടുത്താൻ ശ്രമിച്ചതായി ശ്രദ്ധയിൽ പ്പെട്ട അമ്പയർമാർ മൂന്നാം ദിവസം പുതിയ ബോളുപയോഗിച്ച് മത്സരം തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു.

എന്നാൽ അമ്പയറുടെ ഈ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച ശ്രീലങ്കൻ താരങ്ങൾ മത്സരത്തിനായി കളിക്കളത്തിലിറങ്ങാൻ വിസമ്മതം പ്രകടിപ്പിച്ചു. തങ്ങൾപന്തിൽ യാതൊരു വിധത്തിലുള്ള കൃത്രിമവും കാണിച്ചിട്ടില്ലെന്നാണ് ശ്രീലങ്കൻ ടീമിന്റെ പക്ഷം. മത്സരം തുടരാൻ വിസമ്മതിച്ച ലങ്കൻ താരങ്ങൾ, പിന്നീട് മാച്ച് റഫറി ജവഗൽ ശ്രീനാഥുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് കളിക്കാൻ സമ്മതിച്ചത്. സംഭവം എന്ത് തന്നെയായാലും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.