SHARE

ഇറ്റാലിയൻ സൂപ്പർ താരം മരിയോ ബലോട്ടെല്ലിയെ ക്ലബായ ബ്രെസിയ പുറത്താക്കിയെന്ന് റിപ്പോർട്ടുകൾ. ക്ലബിനൊപ്പം പരിശീലനത്തിന് എത്താതിരുന്നതിനെത്തുടർന്നാണ് മുന്നേറ്റതാരത്തെ പുറത്താക്കിയതെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്ലബിന്റെ ക്യാപ്റ്റന്മാരിലൊരാൾ കൂടിയായിരുന്നു 29-കാരനായ ബലോട്ടെല്ലി

ഈ സീസൺ തുടക്കത്തിലാണ് മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബലോട്ടെല്ലി ബ്രെസിയയിലൂടെ ഇറ്റലിയിൽ തിരിച്ചെത്തിയത്. എന്നാൽ ഇവിടേയും ബലോട്ടെല്ലി വിവാദത്തിൽ പെട്ടു. മുമ്പും നേരിട്ടിരുന്ന വംശീയാധിക്ഷേപം ബ്രെസിയയിലൂം ബലോട്ടെല്ലിക്ക് നേരെ പലതവണയുണ്ടായി. ഇക്കാരണത്താൽ നേരത്തെ തന്നെ ക്ലബുമായി താരം ഇടഞ്ഞിരുന്നു. ഇതിനിടെയാണിപ്പോഴത്തെ പ്രശ്നം.

കോവിഡിനെത്തുടർന്ന് നിർത്തിവച്ച സെരി എ മത്സരങ്ങൾ വരും ​ദിവസങ്ങൾ പുനരാരംഭിക്കാനിരിക്കെയാണ്. ഇതിനായി ക്ലബ് പരിശീലനം തുടങ്ങിയപ്പോഴും ബലോട്ടെല്ലി വന്നില്ല. ഡോക്ടറുടെ നിർദേശപ്രകരമാണ് പരിശീലനത്തിൽ പങ്കെടുക്കാതിരുന്നതെന്നാണ് ബലോട്ടെല്ലി നൽകിയ വിശദീകരണം. എന്നാൽ ഇത് ക്ലബ് ചെവികൊണ്ടിട്ടില്ല. തുടർന്ന് കരാർ റാദ്ദാക്കുകയാണെന്ന് അറിയിച്ച് ക്ലബ് പ്രസിഡന്റ് തന്നെ ബലോട്ടെല്ലിക്ക് കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചുവെന്നാണ് റിപ്പോർട്ടുകൾ.

കോവിഡിനെത്തുടർന്ന് ലോക്ഡൗണിലായിരുന്നപ്പോൾ ക്ലബ് നിർദേശിച്ച പരിശീലനമുറകൾ ബലോട്ടെല്ലി പിന്തുടർന്നില്ലെന്നും, മറ്റ് താരങ്ങളുടെയത്ര ശാരീരികക്ഷമത ഇപ്പോൾ ബലോട്ടെല്ലിക്കില്ലെന്നും അതിനാൽ തന്നെ ഒറ്റയ്ക്ക് പരിശീലിക്കുകയാണെന്നും ക്ലബ് പരിശീലകൻ കഴിഞ്ഞ ​ദിവസം പറഞ്ഞു. എന്നാൽ കരാർ റദ്ദാക്കിയെന്ന റിപ്പോർട്ടുകളോട് ക്ലബും താരവും ഇതുവരെ പ്രതികരിച്ചിട്ടില്ല.