SHARE

ഇറ്റാലിയൻ ദേശീയ ടീമിലേക്ക് സൂപ്പർ താരം മാരിയോ ബലോട്ടെലിയുടെ തിരിച്ചുവരവിന് കളമൊരുങ്ങുന്നു. അസൂറിപ്പടയുടെ പുതിയ പരിശീലകനായി റോബർട്ടോ മാൻസിനി ചുമതലയേറ്റതോടെയാണ് ബലോട്ടെലിക്ക് തിരിച്ചുവരവിന് അവസരമൊരുങ്ങിയിരിക്കുന്നത്.

ടീമിലേക്ക് ബലോട്ടെലിയെ മടക്കിക്കൊണ്ടുവരുന്ന കാര്യം പരി​ഗണിക്കുന്നുവെന്നാണ് മാൻസിനി പറഞ്ഞിരിക്കുന്നത്. സ്കൈസ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബലോട്ടെലിയുമായി തീർച്ചയായും സംസാരിക്കും, ടീം ഇനി പ്രതീക്ഷയോടെ കാണുന്ന കളിക്കാരിലൊരാളാണ് ബലോട്ടെലി, മാൻസിനി പറഞ്ഞു.

2014 ലോകകപ്പിന് ശേഷം ഇറ്റാലിയൻ ടീമിൽ കളിക്കാൻ ബലോട്ടെലിക്ക് അവസരം ലഭിച്ചിട്ടില്ല. ഏറെ നാൾ ഇം​ഗ്ലണ്ടിലും ഇറ്റലിയിലും മാറിമാറി കളിച്ച ശേഷം, കഴിഞ്ഞ രണ്ട് സീസണുകളായി ബലോട്ടെലി ഫ്രഞ്ച് ലീ​ഗിലാണ്. അവിടെ നീസിനായി മിന്നുന്ന പ്രകടനമാണ് ബലോട്ടെലി നടത്തുന്നത്. ഇറ്റലിയിലേക്ക് മടങ്ങിയെത്താൻ താൽപര്യമുണ്ടെന്ന് ബലോട്ടെലി തന്നെ വ്യക്തമാക്കിയിരുന്നു.

മാൻസിനിയുടെ കീഴിൽ ബലോട്ടെല്ലി, മാഞ്ചസ്റ്റർ സിറ്റിയിലും ഇന്റർ മിലാനിലും കളിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റി ആദ്യമായി പ്രീമിയർ ലീ​ഗ് കിരീടം നേടുന്നത് ഇക്കാലത്താണ്. എന്നാൽ കളിക്കളത്തിന് അകത്തും പുറത്തും എന്നും വിവാദങ്ങൾ സൃഷ്ടിച്ച ബലോട്ടെലിയുടെ രീതികൾ പലപ്പോഴും മാൻസിനിയുമായി ഇടയാൻ കാരണമായിട്ടുണ്ട്.