SHARE

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ ഇറ്റാലിയൻ സൂപ്പർ താരം മരിയോ ബലോട്ടെലി തിരിച്ചുവരവ് ആഘോഷിച്ചത് സൗദി അറേബ്യയ്ക്കെതിരെ ടീമിന്റെ ആദ്യ ഗോൾ നേടിക്കൊണ്ട്. ഇരുപത്തിയൊന്നാം മിനുറ്റിൽ ബലോട്ടലി നേടിയ ഗോളിൽ മുന്നിലെത്തിയ ഇറ്റലി പിന്നീട് ആൻഡ്രിയ ബെലോട്ടി നേടിയ ഗോളിൽ വിജയം പിടിച്ചെടുക്കുകയായിരുന്നു‌. ( സ്കോർ -ഇറ്റലി 2-1 സൗദി അറേബ്യ). യാഹ്യ അൽ ഷെഹ്രി സൗദി അറേബ്യയുടെ ആശ്വാസ ഗോൾ നേടി.

ജിയാൻ പിയറോ വെന്റൂറോ രാജിവെച്ച ഒഴിവിൽ ഈ മാസം പകുതിയോടെ ഇറ്റലിയുടെ പരിശീലകസ്ഥാനമേറ്റ റോബർട്ട് മാഞ്ചീനിയാണ് ബലോട്ടലിയെ ടീമിലേക്ക് തിരിച്ചു വിളിച്ചത്. നിലവിൽ നീസിന്റെ താരമായ ബലോട്ടലി സൗദി അറേബ്യയ്ക്കെതിരായ മത്സരത്തിന്റെ തുടക്കം മുതൽ തകർപ്പൻ ഫോമിലാണ് കളിച്ചത്. ആദ്യ ഗോൾ നേടുന്നതിന് മുൻപും ബലോട്ടലി ഇറ്റലിക്ക് വേണ്ടി വലകുലുക്കിയെങ്കിലും ഓഫ് സൈഡ് കെണിയിൽ താരം വീഴുകയായിരുന്നു.

അതേ സമയം ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് മത്സരത്തിനിടെ ബലോട്ടലി പരിക്ക് മൂലം പകുതിക്ക് വെച്ച് മടങ്ങുന്നതിനും ഫുട്ബോൾ ലോകം സാക്ഷിയായി. അദ്ദേഹത്തിന് പകരക്കാരനായിറങ്ങിയാണ് ബെലോട്ടി ഇറ്റലിയുടെ രണ്ടാമത്തെ ഗോൾ നേടിയത്. അതേ സമയം ഈ വർഷത്തെ ലോകകപ്പിന് യോഗ്യത നേടാനാവാതെ പുറത്തായ ഇറ്റലി രണ്ട് സൗഹൃദ മത്സരങ്ങൾ കൂടി ഈയടുത്ത ദിവസങ്ങളിൽ കളിക്കും. വെള്ളിയാഴ്ച ഫ്രാൻസിനെതിരെ നീസിലും, മൂന്ന് ദിവസങ്ങൾക്ക് ശേഷം ഹോളണ്ടിനെതിരെ ടൂറിനിലുമാണ് ഈ മത്സരങ്ങൾ.