SHARE

ഇറ്റാലിയൻ സൂപ്പർ താരം മരിയോ ബലോട്ടെല്ലി സെരി എ ക്ലബ് ബ്രെസിയ വിട്ടേക്കുമെന്ന് സൂചന. ഇറ്റാലിയൻ ഫോർവേഡായ ബലോട്ടെല്ലിക്ക് ജനുവരിയിൽ ക്ലബ് വിടാമെന്ന് പ്രസിഡന്റ് മാസിമ സെലിനോ പറഞ്ഞതിന് പിന്നാലെയാണിത്.

ഈ സീസൺ തുടക്കത്തിലാണ് ഒരിടവേളയ്ക്ക് ശേഷം ബ്രെസിയയിലൂടെ ബലോട്ടെല്ലി സെരി എയിൽ തിരിച്ചെത്തിയത്. ലീ​ഗിലെ എട്ട് മത്സരങ്ങളിൽ കളിച്ച ബലോട്ടെല്ലി രണ്ട് ​ഗോളാണ് അടിച്ചത്. എന്നാൽ ബലോട്ടെല്ലിയുടെ പ്രകടനത്തേക്കാളേറെ വിവാദമായത് താരവും ഇറ്റാലിയൻ ആരാധകരും തമ്മിലുള്ള പ്രശ്നമാണ്. ഒന്നുരണ്ട് ലീ​ഗ് മത്സരങ്ങൾക്കിടെ ബലോട്ടെല്ലി വംശീയധിക്ഷേപത്തിന് ഇരയായി. ഈ സംഭവങ്ങൾ വളരെയേറെ വിവാദമാകുകയും ചെയ്തു.

ഇതിനിടയിൽ ക്ലബിലും ബലോട്ടെല്ലി ചില വിഷയങ്ങളുണ്ടാക്കിയതായാണ് സൂചന. ക്ലബിനൊപ്പമുള്ള പരിശീലനത്തിനിടെ ബലോട്ടെല്ലിയുടെ രീതികളിൽ പരിശീലകൻ ഫാബിയോ ​ഗ്രോസോ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇടയ്ക്ക് ഒരു പരിശീലനസെഷനിൽ നിന്ന ബലോട്ടെല്ലിയെ പുറത്താക്കിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ക്ലബിനുള്ളിൽ നിന്ന് തന്നെ ബലോട്ടെല്ലിക്ക് നേരെ വംശീയ പരമാർശങ്ങൾ ഉണ്ടായതായും ആരോപണമുയർന്നിരുന്നു. ഇതിനപിന്നാലെയാണിപ്പോൾ താരത്തിന് ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിടാമെന്ന് പ്രസിഡന്റ് തന്നെ അറിയിച്ചത്. അതേ സമയം ബലോട്ടെല്ലി ക്ലബിൽ തുടരുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.