SHARE

കളിക്കളത്തിലെ അച്ചടക്കമില്ലായക്ക് കുപ്രസിദ്ധനാണ് മരിയോ ബലോട്ടെല്ലി. ഈ പ്രകൃതം കാരണം ഒരു ക്ലബിലും ദീർഘകാലം കളിക്കാൻ ഈ ഇറ്റാലിയൻ സ്ട്രൈക്കറിന് സാധിച്ചിട്ടില്ല. ഒരിടവേളയ്ക്ക് ശേഷം ഈ സീസണിൽ ഇറ്റാലിയൻ ലീ​ഗിലേക്ക് ബ്രെസിയയിലൂടെ തിരിച്ചെത്തിയ ബലോട്ടെല്ലിക്ക് എന്നാൽ ഇപ്പോഴും ഒരു മാറ്റവുമില്ല.

കഴിഞ്ഞ ദിവസം കാ​ഗ്ലിയാരിക്കെതിരായ മത്സരത്തിൽ പകരക്കാരനായ കളിക്കളത്തിലിറങ്ങി വെറും ഏഴാം മിനിറ്റിൽ തന്നെ ചുവപ്പുകാർഡ് കണ്ടാണ് ബലോട്ടെല്ലി വീണ്ടും വാർത്തകളിൽ നിറയുന്നത്. സമനിലയിൽ കലാശിച്ച മത്സരത്തിന്റെ 74-ാം മിനിറ്റിലാണ് ബലോട്ടെല്ലി ​ഗ്രൗണ്ടിലറങ്ങിയത്. 81-ാം മിനിറ്റിൽ എതിർതാരത്തെ ഫൗൾ ചെയ്തതിന് ബലോട്ടെല്ലിക്ക് നേരെ റഫറി മഞ്ഞക്കാർഡുയർത്തി. എന്നാൽ ഈ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ബലോട്ടെല്ലി റഫറിയോട് ഇടഞ്ഞു. ഇതോടെ രണ്ടാം മഞ്ഞക്കാർഡും മർച്ചിങ് ഓർഡറും.

ചുവപ്പുകാർഡ് കണ്ടതോടെ മുൻ ക്ലബായ എ.സി.മിലാനെതിരായ അടുത്ത മത്സരം ബലോട്ടെല്ലിക്ക് നഷ്ടമാകും. ബലോട്ടെല്ലിയുടെ കരിയറിൽ ഇത് 13-ാം തവണയാണ് ചുവപ്പുകാർഡ് കാണുന്നത്. ഇതോടൊപ്പം തുടർച്ചയായി നാലാം സീസണിലും ചുവപ്പുകാർഡ് കണ്ട് പുറത്താകുന്ന യൂറോപ്യൻ ടോപ് ഫൈവ് ലീ​ഗിലെ രണ്ടാമത്തെ മാത്രം താരവുമായി ബലോട്ടെല്ലി.