SHARE

ബംഗ്ലാദേശിനെതിരെ സ്വന്തം നാട്ടില്‍ നടന്നു കൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് ഡ്രൈവിംഗ് സീറ്റില്‍. സന്ദര്‍ശകരെ ആദ്യ ഇന്നിംഗ്‌സില്‍ 149 റണ്‍സിന് എറിഞ്ഞിട്ട വിന്‍ഡീസ് 205 റണ്‍സിന്റെ ലീഡ്. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തുടങ്ങിയ കരീബിയന്‍ പട ഒരു വിക്കറ്റ് നഷ്ടത്തില്‍ 19 റണ്‍സെടുത്തിട്ടുണ്ട്.

സെഞ്ചുറി നേടിയ ക്രെയ്ഗ് ബ്രാത്ത്‌വൈറ്റിന്റെയും 86 റണ്‍സെടുത്ത ഷിംറോണ്‍ ഹെത്മിയറുടെയും കരുത്തില്‍ വെസ്റ്റിന്‍ഡീസ് ആദ്യ ഇന്നിംഗ്‌സില്‍ 354 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. ബ്രാത്ത്‌വൈറ്റ് 110 റണ്‍സെടുത്താണ് പുറത്തായത്. ബംഗ്ലാദേശിന് വേണ്ടി മെഹിദി ഹസന്‍ അഞ്ചു വിക്കറ്റുകളും അബു ജായിദ് മൂന്നു വിക്കറ്റുകളും വീഴ്ത്തി.

ഒന്നാം ഇന്നിംഗ്‌സില്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് നിരയില്‍ തമീം ഇഖ്ബാല്‍ (47), ഷാക്കിബ് അല്‍ ഹസന്‍ (32), മുഷ്ഫിഖുര്‍ റഹീം (24) എന്നിവര്‍ മാത്രമാണ് അല്‍പ്പമെങ്കിലും പൊരുതി നോക്കിയത്. വിന്‍ഡീസിന് വേണ്ടി ജേസണ്‍ ഹോള്‍ഡര്‍ അഞ്ചു വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ഷാനോണ്‍ ഗബ്രിയേലും കീമോ പോളും രണ്ടു പേരെ വീതം പുറത്താക്കി.