SHARE

ലോകകപ്പിൽ തന്റെ സ്വപ്ന ഫോം തുടരുന്ന സ്റ്റാർ ഓൾറൗണ്ടർ ഷക്കീബ് അൽഹസന്റെ മിന്നും ഓൾ റൗണ്ട് പ്രകടനത്തിന്റെ കരുത്തിൽ അഫ്ഗാനിസ്ഥാനെ 62 റൺസിന് കീഴടക്കി ബംഗ്ലാദേശ്. ഇന്നലെ സതാമ്പ്ടണിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 262/7 എന്ന പൊരുതാവുന്ന സ്കോർ നേടിയപ്പോൾ, അഫ്ഗാനിസ്ഥാന്റെ മറുപടി 200 റൺസിൽ അവസാനിച്ചു. 51 റൺസും അഞ്ച് വിക്കറ്റുകളും നേടിയ ഷക്കീബ് അൽഹസനാണ് കളിയിലെ താരം.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ബം​ഗ്ലാദേശിന് തുടക്കം അത്ര നല്ലതായിരുന്നില്ല. സ്കോർ 23-ൽ എത്തിയപ്പോൾ തന്നെ 16 റൺസെടുത്ത ഓപ്പണർ ലിറ്റൺ ദാസിനെ നഷ്ടമായി. തുടർന്ന് തമീം ഇഖ്ബാലും ഷാക്കിബ് അൽ ഹസനും ചേർന്ന് സ്കോർ ഉയർത്തി. സ്കോർ 82-ൽ എത്തിയപ്പോൾ 36 റൺസെടുത്ത തമീം ഇഖ്ബാലും പുറത്തായി. പിന്നാലെ ഷാക്കിബിന് കൂട്ടായി മുഷ്ഫിഖുർ റഹീമെത്തി. എന്നാൽ സ്കോർ 143-ൽ എത്തിയപ്പോൾ 51 റൺസെടുത്ത ഷാക്കിബ് പുറത്തായി. പിന്നാലെ തന്നെ സൗമ്യ സർക്കാരും വീണു.

-Advertisement-

പിന്നീട് മുഷ്ഫിഖുറും മുഹമ്മദുള്ളയും ചേർന്ന് സ്കോർ ഉയർത്തി. ഇരുവരും ചേർന്നുള്ള കൂട്ടകെട്ട് 56 റൺസ് പിന്നിട്ടപ്പോൾ 27 റൺസെടുത്ത മുഹമ്മദുള്ളയും പുറത്തായി. സ്കോർ 251-ൽ എത്തിയപ്പോൾ മികച്ച ബാറ്റിങ് കാഴ്ചവെച്ചിരുന്ന മുഷ്ഫിഖുറും വീണു. 87 പന്തിൽ നാല് ഫോറും ഒരു സിക്സുമടക്കം 83 റൺസാണ് മുഷ്ഫിഖുർ നേടിയത്. പിന്നാലെ തന്നെ 35 റൺസെടുത്ത മൊസാദക്ക് ഹുസൈനും വീണതോടെ ബം​ഗ്ലദേശ് ഇന്നിം​ഗ്സ് 262-ൽ ഒതുങ്ങി. അഫ്​ഗാനിസ്ഥാനായി മുജീബുർ റഹ്മാൻ മികച്ച ബൗളിങ് കാഴ്ചവെച്ചു. പത്തോവർ എറിഞ്ഞ് 39 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് മുജീബ് വീഴ്ത്തി. ​ഗുൽബാദിൻ നെയ്ബ് രണ്ട് വിക്കറ്റ് വീഴ്ത്തി.

ലക്ഷ്യം പിന്തുടർന്ന അഫ്ഗാൻ കരുതിയാണ് ബാറ്റ് ചെയ്തത്. ഓപ്പണിംഗ് കൂട്ടുകെട്ടിൽ 49 റൺസ് നേടിയ അവർ ഒരു ഘട്ടത്തിൽ 104/2 എന്ന മികച്ച നിലയിലായിരുന്നു. എ‌ന്നാൽ പിന്നീടായിരുന്നു‌ ഷക്കീബിന്റെ തകർപ്പൻ ബോളിംഗ് പ്രകടനം.‌ ബംഗ്ലാദേശ് ഓൾ റൗണ്ടറുടെ ഇടം കൈ സ്പിന്നിന് മുന്നിൽ അഫ്ഗാൻ താരങ്ങൾക്ക് പിടിച്ചുനിൽക്കാനാവാതെ വന്നതോടെ അവർ തകരുകയായിരുന്നു. തുടർച്ചയായി വിക്കറ്റുകൾവീണു കൊണ്ടിരുന്ന അവർ നാൽപ്പത്തിയേഴാം ഓവറിൽ 200 റൺസിന് പുറത്താവുകയായിരുന്നു. 10 ഓവറിൽ 29 റൺസ് മാത്രം വിട്ടു കൊടുത്താണ്‌ ഷക്കീബിന്റെ അഞ്ച് വിക്കറ്റ് നേട്ടം. 49 റൺസെടുത്ത സമിയുള്ള ഷെൻ വാരിയാണ് അഫ്ഗാന്റെ ടോപ് സ്കോറർ. നായകൻ ഗുൽബാദിൻ 47 റൺസെടുത്തു.