SHARE

അവസാന നിമിഷം വരെ ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിന് ത്രസിപ്പിക്കുന്ന ജയം. മഹമ്മദുള്ള പടനായകനായി കത്തിക്കയറിയപ്പോള്‍ ഒരു പന്ത് ബാക്കിനില്‍ക്കേ രണ്ടുവിക്കറ്റിനായിരുന്നു ബംഗ്ലാ ജയം. ഇതോടെ ഇന്ത്യ-ബംഗ്ലാദേശ് ഫൈനലിന് കളമൊരുങ്ങി. സ്‌കോര്‍ ശ്രീലങ്ക 20 ഓവറില്‍ 159-7, ബംഗ്ലാദേശ് 19.5 ഓവറില്‍ എട്ടിന് 160. 160 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍ ലിട്ടണ്‍ദാസിനെ പൂജ്യത്തിന് നഷ്ടപ്പെട്ടെങ്കിലും തമീം ഇക്ബാലും സാബീര്‍ റഹ്മാനും ചേര്‍ന്ന് സന്ദര്‍ശകരെ മുന്നോട്ടു നയിച്ചു. ടീം സ്‌കോര്‍ 33ല്‍ നില്‍ക്കേ 13 റണ്‍സെടുത്ത സബീര്‍ പുറത്തായി.

പിന്നീടെത്തിയ മുഷ്ഫിക്കുര്‍ റഹീം തമീമിന് മികച്ച പിന്തുണ നല്കി. ഇരുവരും ബംഗ്ലാദേശിനെ അനായാസ വിജയത്തിലേക്ക് നയിക്കുന്നെന്ന് തോന്നിച്ച ഘട്ടത്തിലാണ് അമില അപ്പോണ്‍സോ റഹീമിനെ വീഴ്ത്തുന്നത്. 25 പന്തില്‍ 28 റണ്‍സായിരുന്നു റഹീമിന്റെ സമ്പാദ്യം. തൊട്ടുപിന്നാലെ 50 റണ്‍സെടുത്ത തമീമും പുറത്തും. രണ്ടിന് 97 റണ്‍സെന്ന നിലയില്‍ നിന്നും അഞ്ചിന് 109 റണ്‍സിലേക്ക് ബംഗ്ലകള്‍ പതിച്ചത് പെട്ടെന്നായിരുന്നു. അവസാന രണ്ടോവറില്‍ നാലു വിക്കറ്റ് ശേഷിക്കെ 23 റണ്‍സായിരുന്നു ബംഗ്ലാദേശിന് വേണ്ടിയിരുന്നത്. തിസര പെരേര എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 11 റണ്‍സ് പിറന്നതോടെ ഫൈനലിലേക്കുള്ള ദൂരം 6 പന്തില്‍ 12 റണ്‍സായി കുറഞ്ഞു. എന്നാല്‍ അവസാന ഓവറിലെ ആദ്യ രണ്ടു പന്തുകളും മുഷ്തഫിസൂര്‍ റഹ്മാന്‍ റണ്ണെടുക്കാനായില്ല. ഇതിനിടെ റഹ്മാന്‍ പുറത്താകുകയും ചെയ്തു.

ലങ്കന്‍ താരങ്ങളും ബംഗ്ലാദേശ് താരങ്ങളും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും ഒരുവേള ബംഗ്ലാദേശ് കളി ബഹിഷ്‌കരിക്കുകയാണോ എന്നു പോലും തോന്നിച്ചു. എന്നാല്‍ കോച്ച് ഖലീദ് മഹമ്മൂദ് ഇടപ്പെട്ടതോടെ ബംഗ്ലാദേശ് കളി തുടരാന്‍ തീരുമാനിച്ചു. അടുത്ത രണ്ടു പന്തില്‍ 6 റണ്‍സ് പിറന്നതോടെ രണ്ടു പന്തില്‍ ജയിക്കാന്‍ ആറു റണ്‍സെന്ന നിലയായി. അഞ്ചാം പന്തില്‍ ഉസുരു ഉഡാനെയെ സിക്‌സറിന് പറത്തി മഹമ്മദുള്ള (18 പന്തില്‍ 43) ജയം ആഘോഷിച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോറിംഗിന് വേഗം കുറവായിരുന്നുവെന്ന് മാത്രമല്ല, രണ്ട് ഓപ്പണര്‍മാരെയും ലങ്കയ്ക്ക് തുടക്കത്തിലേ നഷ്ടമായി. നാലു ഓവറില്‍ 222 എന്ന നിലയിലായി അതോടെ ലങ്ക. ധനുഷ്‌ക ഗുണതിലകെ 4 റണ്‍സെടുത്തും കുശാല്‍ മെന്‍ഡിസ് 11 റണ്‍സെടുത്തുമാണ് പുറത്തായത്. എന്നാല്‍ വിക്കറ്റ് കീപ്പര്‍ കുശാല്‍ പെരേര തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തന്നെ ബാറ്റ് ചെയ്തു. എന്നാല്‍ മറുവശത്ത് ബാറ്റ്‌സ്മാന്‍മാരുടെ ഘോഷയാത്രയായിരുന്നു. ഉപുല്‍ തരംഗ (5), ദാസുന്‍ ഷനക (0), ജീവന്‍ മെന്‍ഡിസ് (3), എന്നിവര്‍ കൂടി പുറത്തായപ്പോള്‍ നാണക്കേടിന്റെ വക്കിലെത്തി ലങ്ക. പിന്നീട് ക്രീസിലെത്തിയ തിസാര പെരേരയെ കൂട്ടുപിടിച്ച് കുശാല്‍ പെരേര ഇന്നിംഗ്‌സിനെ മുന്നോട്ടു നയിച്ചു. അതിനിടെ കുശാല്‍ തന്റെ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. 32 പന്തുകളില്‍ നിന്നാണ് കുശാല്‍ തന്റെ പത്താം ടി20 ഫിഫ്റ്റി സ്വന്തമാക്കിയത്.