SHARE

വെസ്റ്റിൻഡീസിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിന് 48 റൺസിന്റെ ഉജ്ജ്വല ജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയർത്തിയ 280 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന വിൻഡീസിന് 231 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. 130 റൺസ് നേടിയ ബംഗ്ലാ ഓപ്പണർ തമീം ഇഖ്ബാലാണ് കളിയിലെ കേമൻ. സ്കോർ : ബംഗ്ലാദേശ് – 279/4 (50 ഓവർ), വെസ്റ്റിൻഡീസ് – 231/9 (50 ഓവർ).

മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 160 പന്തിൽ 10 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 130 റൺസ് നേടി പുറത്താകാതെ നിന്ന തമീംഇഖ്ബാലും, 121 പന്തിൽ 6 ബൗണ്ടറികളടക്കം 97 റൺസ് നേടിയ ഷക്കീബ് അൽ ഹസനും ചേർന്ന് 279/4 എന്ന മികച്ച സ്കോറിലേക്ക് ബംഗ്ലാദേശിനെ നയിക്കുകയായിരുന്നു.

വിജയ ലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ വിൻഡീസിന് വേണ്ടി 52 റൺസെടുത്ത ഷിംറോൺ ഹിറ്റ് മേയറും, 40 റൺസെടുത്ത ക്രിസ് ഗെയിലുമാണ് അല്പമെങ്കിലും പിടിച്ചു നിന്നത്. 4 വിക്കറ്റ് വീഴ്ത്തിയ നായകൻ മഷ് റഫി മൊർത്താസയാണ് ബംഗ്ലാ ബോളിംഗിനെ മുന്നിൽ നിന്ന് നയിച്ചത്. മൊർത്താസയുടെ കീഴിൽ ബംഗ്ലാദേശ് കൃത്യതയോടെ പന്തെറിഞ്ഞപ്പോൾ വിൻഡീസിന് നിശ്ചിത ഓവറിൽ 231 റൺസ് വരെയെത്താനേ കഴിഞ്ഞുള്ളൂ.