ആദ്യ ട്വന്റി-20യിലെ ദയനീയ തോല്‍വിക്ക് പകരംവീട്ടി ബംഗ്ലാദേശ്. റണ്ണൊഴുകിയ പിച്ചില്‍ കരീബിയന്‍സിനെ 36 റണ്‍സിനാണ് ബംഗ്ലാ കടുവകള്‍ വീഴ്ത്തിയത്. ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് നാലുവിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സാണ് അടിച്ചുകൂട്ടിയത്. വിന്‍ഡീസ് നന്നായി തുടങ്ങിയെങ്കിലും പോരാട്ടം പാതിവഴിയില്‍ അവസാനിച്ചു. സ്‌കോര്‍ ബംഗ്ലാദേശ് 211-4, വിന്‍ഡീസ് 175 (19.2)
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത വിന്‍ഡീസിന് തുടക്കത്തിലേ പിഴച്ചു. ആദ്യ വിക്കറ്റില്‍ 4.1 ഓവറില്‍ 42 റണ്‍സ് അടിച്ചുകൂട്ടിയാണ് തമീം ഇക്ബാല്‍ (15) മടങ്ങുന്നത്. പിന്നീട് ലിട്ടണ്‍ദാസും സൗമ്യ സര്‍ക്കാരും ചേര്‍ന്ന് വിന്‍ഡീസിനെ കശക്കിയെറിഞ്ഞു. 34 പന്തില്‍ ആറു ബൗണ്ടറിയും നാലു സിക്‌സറുമടക്കം ലിട്ടണ്‍ദാസ് 60 റണ്‍സെടുത്തപ്പോള്‍ സര്‍ക്കാരിന്റെ സമ്പാദ്യം. 32 റണ്‍സ്. അവസാന ഓവറുകളില്‍ ഷക്കീബ് അല്‍ഹസനും (26 പന്തില്‍ 42) മഹമ്മദുള്ളയും (21 പന്തില്‍ 43) തകര്‍ത്തടിച്ചപ്പോള്‍ ബംഗ്ലാദേശിന് കൂറ്റന്‍ സ്‌കോര്‍ സ്വന്തം.
മറുപടി ബാറ്റിംഗില്‍ ഷായ് ഹോപ്പ് തകര്‍പ്പന്‍ തുടക്കമാണ് നല്കിയത്. 19 പന്തില്‍ 36 റണ്‍സെടുത്ത് ഹോപ്പ് മടങ്ങിയതോടെ വിന്‍ഡീസിന്റെ പ്രതീക്ഷകളും തകര്‍ന്നു. നിക്കോളസ് പൂരാന്‍ (14), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ (19) എന്നിവര്‍ പെട്ടെന്ന് മടങ്ങിയത് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായി. 34 പന്തില്‍ 50 റണ്‍സെടുത്ത റോവന്‍ പവല്‍ പൊരുതിയെങ്കിലും വിജയത്തിലെത്തിക്കാന്‍ അതു മതിയായില്ല. നാലോവറില്‍ 20 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റ് നേടിയ ഷക്കീബാണ് കളിയിലെ താരം.