SHARE

ഇന്ത്യയെ പരാജയപ്പെടുത്തി ചരിത്രത്തിലാദ്യമായി ഏഷ്യാകപ്പ് കിരീടം ചൂടിയ ബംഗ്ലാദേശിന്റെ വനിതാ ക്രിക്കറ്റ് ടീമിന് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ചരിത്ര നേട്ടം കരസ്ഥമാക്കിയ ടീമിന് 2 കോടി ബംഗ്ലാദേശ് ടാക്കയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് നസ്മുൾ ഹുസൈൻ പ്രഖ്യാപിച്ചിരിക്കുന്നത്. വിജയകിരീടം നേടിയ സംഘത്തിലുണ്ടായിരുന്ന താരങ്ങൾക്ക് ഈ തുക വീതിച്ച് നൽകും.

” ഈ നേട്ടത്തെ എങ്ങനെ വിശേഷിപ്പിക്കണമെന്നറിയില്ല, വർഷങ്ങളായി വനിതാ ക്രിക്കറ്റ് ടീം നടത്തുന്ന കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ ചരിത്ര നേട്ടം. അവരുടെ കഷ്ടപ്പാടുകൾക്ക് അവസാനം ഫലം ലഭിച്ചിരിക്കുന്നു.” താരങ്ങൾക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ച് കൊണ്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് പറഞ്ഞു.

ക്രിക്കറ്റ് ബോർഡ് തങ്ങൾക്കായി പ്രഖ്യാപിച്ച വലിയ പാരിതോഷികത്തുകയ്ക്ക് നന്ദി പറഞ്ഞുകൊണ്ട്, കിരീടം ചൂടിയ ബംഗ്ലാ ടീം ക്യാപ്റ്റൻ സൽമ ഖടൂനും രംഗത്തെത്തി. ഇത് പോലുള്ള സമ്മാനങ്ങൾ കൂടുതൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ തങ്ങൾക്ക് പ്രേരണയാകുമെന്നും, രാജ്യത്ത് വനിതാ ക്രിക്കറ്റിന്റെ വലിയ വളർച്ചയ്ക്ക് ഇത് വഴി വെക്കുമെന്നും അവർ കൂട്ടിച്ചേർത്തു. കിരീട വിജയികൾക്ക് ബംഗ്ലാദേശ് ബോർഡ് പ്രഖ്യാപിച്ച 2 കോടി ബംഗ്ലാദേശ് ടാക്ക ഏകദേശം ഒന്നരക്കോടി ഇന്ത്യൻ രൂപയോളം വരും.