SHARE

കൊറോണ വൈറസ് രോഗം (കോവിഡ് -19) ലോകമെങ്ങും പടർന്ന് പിടിച്ച് കൊണ്ടിരിക്കുകയാണ്. ഇത് വരെ പത്തൊൻപതിനായിരത്തിലധികം ആൾക്കാർ ഈ മഹാമാരി ബാധിച്ച് മരണപ്പെട്ടു. ലോകമെമ്പാടും കോവിഡ് 19 ൽ ഭയന്ന് വിറങ്ങലിച്ച് നിൽക്കുമ്പോൾ മാതൃകാ പ്രവർത്തനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾ.

കൊറോണ ബാധിതരെ സഹായിക്കാൻ തങ്ങളുടെ ശമ്പളത്തിന്റെ പാതി നൽകാൻ മുന്നോട്ട് വന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റർമാർ മാതൃകയായിരിക്കുന്നത്. 27 ബംഗ്ലാദേശ് താരങ്ങളാണ് ഇത്തരത്തിൽ ശമ്പളം നൽകാൻ മുന്നോട്ട് വന്നിരിക്കുന്നത്. മുപ്പത് ലക്ഷത്തി പതിനയ്യായിരം ബംഗ്ലാദേശി ടാക്കയാണ് ഈ ‌താരങ്ങളെല്ലാവരും കൂടി കൊറോണ ബാധിതരെ സഹായിക്കാൻ നൽകുക. ഇതിൽ നിന്ന് വാല്യു ആഡഡ് ടാക്സ് (വാറ്റ്) കഴിഞ്ഞ് 26 ലക്ഷം ടാക്ക രോഗബാധിതരിലേക്കെത്തുമെന്നാണ് കരുതപ്പെടുന്നത്.

പണം നൽകാൻ മുന്നോട്ട് വന്നിരിക്കുന്നവരിൽ ഏറ്റവും കൂടുതൽ തുക നൽകുന്നത് സീനിയർ താരം തമീം ഇഖ്ബാലാണ്. മൂന്ന് ലക്ഷത്തി ഇരുപത്തിയയ്യായിരം രൂപയാണ് തമീം നൽകുന്നതെന്നാണ് സൂചന. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിഖുർ റഹീം മൂന്ന് ലക്ഷത്തി പതിനായിരം ടാക്കയും, ലിട്ടൺദാസ്, മഹ്മുദുള്ള, മുസ്താഫിസുർ റഹ്മാൻ, മൊർത്താസ എന്നിവർ ലക്ഷം ടാക്കയും നൽകുമെന്നാണ് റിപ്പോർട്ട്.