SHARE

ഇന്ത്യയ്ക്കെതിരെ ഈഡൻ ഗാർഡൻസിൽ നടന്ന് കൊണ്ടിരിക്കുന്ന ഡേ-നൈറ്റ് ടെസ്റ്റിന്റെ ഒന്നാംദിനം രണ്ട് കൺകഷൻ സബ്സ്റ്റിറ്റ്യൂഷനുകൾ വരുത്താൻ നിർബന്ധിതരായി ബംഗ്ലാദേശ്. ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമിയുടെ തീപ്പൊരി ബോളിംഗിന് മുന്നിൽ ലിട്ടൺ ദാസിനും, നയീംഹസനും തലയ്ക്ക് പരിക്കേറ്റതോടെയാണ് ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്താൻ അവർ നിർബന്ധിതരായത്. തലയ്ക്ക് പരിക്കേറ്റ താരങ്ങൾക്ക് പകരം താരങ്ങളെ കളിപ്പിക്കാൻ അനുവദിക്കുന്ന കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് നിയമം കഴിഞ്ഞയിടയ്ക്കാണ് ഐസിസി പ്രാബല്യത്തിൽ കൊണ്ട് വന്നത്. എന്നാൽ ഒരു മത്സരത്തിൽ രണ്ട് കൺകഷൻ സബ്സ്റ്റിറ്റ്യൂഷനുകൾ ഒരു ടീമിന് വരുത്തേണ്ടി വരുന്നത് ഇതാദ്യമാണ്.

മൊഹമ്മദ് ഷാമിയുടെ പന്ത് തലയ്ക്ക് കൊണ്ട് പരിക്കേറ്റതിനെത്തുടർന്നായിരുന്നു ലിട്ടൺദാസ് പുറത്തേക്ക് പോയത്. ഷാമിയുടെ ബൗൺസർ പുൾചെയ്യാനുള്ള ശ്രമത്തിനിടെയായിരുന്നു‌താരത്തിന് പരിക്കേറ്റത്. പരിക്ക് അല്പം ഗൗരവമുള്ളതാണെന്ന് മനസിലാക്കിയ ലിട്ടൺ ദാസ്, കളി‌മതിയാക്കി മടങ്ങാൻ തീരുമാനിക്കുകയും പകരം കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി മെഹിദി ഹസൻ എത്തുകയുമായിരുന്നു.

അതേ സമയം പരിക്കേറ്റ് പുറത്തായ ലിട്ടൺ ദാസ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആയിരുന്നതിനാൽ പകരമെത്തിയ മെഹിദി ഹസന് ഈ മത്സരത്തിൽ പന്തെറിയാനാവില്ല. മൊഹമ്മദ് ഷാമി തന്നെയായിരുന്നു ബംഗ്ലാദേശിന്റെ രണ്ടാമത്തെ കൺകഷൻ സബ്സ്റ്റിറ്റ്യൂഷനും കാരണക്കാര‌ൻ. ഷാമിയുടെ പന്ത് കൊണ്ട് തലയ്ക്ക് പരിക്കേറ്റ നയീം ഹസന് ഫീൽഡിലിറങ്ങാൻ കഴിയില്ലെന്ന് ഉറപ്പായതോടെ അദ്ദേഹത്തിന് പകരം കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി തജിയൂൾഇസ്ലാമിനെ ബംഗ്ലാദേശ് കളത്തിലിറക്കുകയായിരുന്നു.