SHARE

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയില്‍ നടക്കുന്ന ടി20 പരമ്പരക്ക് മുന്നോടിയായി താല്‍ക്കാലിക കോച്ച് കോട്ട്‌നി വാല്‍ഷിനെ നില നിര്‍ത്തുന്നതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ ഹെഡ് കോച്ച് ചന്ദിക ഹതുരസിംഗ സ്ഥാനമൊഴിഞ്ഞതിന് ശേഷം സ്ഥിരമായി ബംഗ്ലാദേശ് പരീശിലകനെ നിയമിച്ചിരുന്നില്ല.

പിന്നീട് ശ്രീലങ്കയില്‍ നടന്ന നിദാഹാസ് ട്രോഫി ടി20 പരമ്പരക്ക് മുമ്പാമ് വിന്‍ഡീസ് ഇതിഹാസതാരം കോര്‍ട്ട്‌നി വാല്‍ഷിനെ ബംഗ്ലാദേശ് പരിശീലകനാക്കിയത്. നിദാഹാസ് ട്രോഫിയില്‍ ശ്രീലങ്കയെ മറികടന്ന് ഫൈനലിലെത്തിയ ബംഗ്ലാദേശ് ഇന്ത്യക്കെതിരെ പരാജയപ്പെടുകയായിരുന്നു. ഈ സാഹചര്യത്തില്‍ അഫ്ഗാന്‍ പരമ്പരയിലും വാല്‍ഷിനെ താല്‍ക്കാലിക കോച്ചായി നിലനിര്‍ത്താൻ ബംഗ്ലാദേശ് തീരുമാനിക്കുകയായിരുന്നു.

ജൂണ്‍ 3 മുതല്‍ 7 വരെയാണ് ഇന്ത്യയിലെ ഡെറാഡൂണില്‍ വെച്ച് ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെ നേരിടുന്നത്. 3 മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. 14ന് ഇന്ത്യയ്‌ക്കെതിരെ തങ്ങളുടെ കന്നി ടെസ്റ്റ് കളിക്കാന്‍ ഒരുങ്ങുന്ന അഫ്ഗാനിസ്ഥാന്‍ അതിനുള്ള തയ്യാറെടുപ്പായാണ് പരമ്പരയെ കാണുന്നത്.