SHARE

ബംഗ്ലാദേശിന്റെ സീനിയർ സ്പിന്നർ മൊഷറഫ് ഹൊസൈൻ റൂബലിന് ബ്രെയിൻ ടൂമർ. കഴിഞ്ഞ കുറച്ച് നാളുകളായി ശാരീരിക പ്രശ്നങ്ങൾ നേരിട്ടിരുന്ന താരത്തിന് കഴിഞ്ഞയാഴ്ച നടത്തിയ മെഡിക്കൽ പരിശോധനയിലാണ് അസുഖം കണ്ടെത്തിയത്‌.‌ ചികിത്സയ്ക്കായി അടുത്ത ദിവസം താരം സിംഗപ്പൂരിലേക്ക് പോകും.

ബംഗ്ലാദേശ് അഭ്യന്തര ക്രിക്കറ്റിൽ സജീവമായ മൊഷറഫ് ഹൊസൈൻ ഈ സീസണിലെ ബംഗ്ലാദേശ് പ്രീമിയർ ലീഗിനിടെ തല കറങ്ങി വീണിരുന്നു, തുടർന്ന് നടത്തിയ പരിശോധനയിലാണ് ബ്രെയിൻ ട്യൂമർ കണ്ടെത്തിയത്. അസുഖം അതിന്റെ ആദ്യ ഘട്ടത്തിലാണെന്നാണ് റിപ്പോർട്ടെങ്കിലും, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ബയോപ്സിക്ക് ശേഷം മാത്രമേ അതിന്റെ തീവ്രത അറിയാനാകൂ.

2008 ൽ ബംഗ്ലാദേശ് സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച ഈ ഇടംകൈയ്യൻ സ്പിന്നർ അഞ്ച് ഏകദിനങ്ങളിലാണ് അവർക്കായി ജേഴ്സിയണിഞ്ഞത്. 2016 ഒക്ടോബറിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഈ മുപ്പത്തിയേഴുകാരൻ സ്പിന്നർ അവസാനമായി ബംഗ്ലാദേശ് ജേഴ്സിയിൽ കളിച്ചത്. ഈ സീസണിലെ ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ കോമില്ല വിക്ടോറിയൻസിന്റെ താരമായിരുന്നു അദ്ദേഹം.