SHARE

മഴ മൂലം ഏറ്റവും കൂടുതൽ മത്സരങ്ങൾ ഉപേക്ഷിക്കുന്ന ഏകദിന ലോകകപ്പെന്ന നാണം കെട്ട റെക്കോർഡ് ഇത്തവണത്തെ ഇംഗ്ലണ്ട് ലോകകപ്പിന്. ലോകകപ്പിൽ ഇന്നലെ നടക്കേണ്ടിയിരുന്ന ബംഗ്ലാദേശ്-ശ്രീലങ്ക മത്സരം മഴ മൂലം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചതോടെയാണ് ദൗർഭാഗ്യകരമായ റെക്കോർഡ് ഇംഗ്ലണ്ട് ലോകകപ്പിന് സ്വന്തമായത്. മൂന്ന് മത്സരങ്ങളാണ് ഈ ലോകകപ്പിൽ ഇത് വരെ മഴമൂലം ഉപേക്ഷിച്ചത്.

1992 ൽ ഓസ്ട്രേലിയയിലും, ന്യൂസിലൻഡിലുമായി നടന്ന ലോകകപ്പിലും, 2003 ൽ ദക്ഷിണാഫ്രിക്ക‌ ആതിഥേയത്വം വഹിച്ച ലോകകപ്പിലുമായിരുന്നു ഇതിന് മുൻപ് മഴയെത്തുടർന്ന് ഏറ്റവുംകൂടുതൽ മത്സരങ്ങൾ ഉപേക്ഷിക്കേണ്ടി വന്നത്. രണ്ട് മത്സരങ്ങൾ വീതമായിരുന്നു ഈ ലോകകപ്പുകളിൽ മഴ വില്ലനായതിനെത്തുടർന്ന് ഉപേക്ഷിച്ചത്‌. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് റിസർവ്വ് ദിനങ്ങൾ ഇല്ലാത്തതിനാൽ ഈ വർഷത്തെ ലോകകപ്പിൽ ഇനിയും മഴ മൂലം മത്സരങ്ങൾ ഉപേക്ഷിക്കാൻ സാധ്യത നിലനിൽക്കുന്നു. ക്രിക്കറ്റ് ആരാധകർക്ക് വലിയ നിരാശ നൽകുന്ന കാര്യമാണിത്.