SHARE

അഫ്ഗാസനിസ്ഥാനെതിരായ ഏക ടെസ്റ്റിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍താരം മുസ്താഫിസൂര്‍ റഹ്മാന്‍ ടീമിലില്ല. പകരം തസ്‌കിന്‍ അഹമ്മദ് ടീമില്‍ ഇടംപിടിച്ചു. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് തസ്‌കിന്‍ ടെസ്റ്റ് ടീമിലെത്തുന്നത്. 2017 സെപ്റ്റംബറിലാണ് താരം അവസാനമായി ടെസ്റ്റ് കളിച്ചത്.

ഈ വര്‍ഷം ആദ്യം ന്യൂസിലന്‍ഡിനെതിരേ അവരുടെ നാട്ടില്‍ നടന്ന പരമ്പരയില്‍ തസ്‌കിനെ ടീമിലെടുത്തിരുന്നു. എന്നാല്‍ അവസാനനിമിഷം പരിക്കേറ്റതോടെ ടീമില്‍ നിന്ന് ഒഴിവാക്കി. കഴിഞ്ഞദിവസം ബെംഗളൂരുവില്‍ നടന്ന ഡോ. കെ തിമ്മപ്പയ്യ ടൂര്‍ണമെന്റില്‍ നടത്തിയ മികച്ച പ്രകടനവും തസ്‌കിന് ടീമിലേക്കുള്ള വഴിതുറന്നു.

ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ടീമിലില്ലാതിരുന്ന ഷക്കീബ് അല്‍ഹസന്‍ തിരിച്ചെത്തി. ക്യാപ്റ്റന്‍സ്ഥാനവും ഷക്കീബിനാണ്. ക്രിക്കറ്റില്‍ നിന്ന് കുറച്ചുനാളത്തേക്ക് ഇടവേളയെടുത്ത തമീം ഇക്ബാല്‍ ടീമിലില്ല. ലിട്ടണ്‍ദാസം, മുഷ്ഫിക്കുര്‍ റഹീം, മൊമിനുള്‍ ഹഖ് തുടങ്ങിയവരെല്ലാം ടീമിലുണ്ട്. സെപ്റ്റംബര്‍ അഞ്ചിനാണ് ടെസ്റ്റ് ആരംഭിക്കുക.