SHARE

അടുത്ത മാസം‌ ഇന്ത്യയിൽ നടക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാൻ – ബംഗ്ലാദേശ് ടി20 പരമ്പരയിൽ ബംഗ്ലാദേശ് തങ്ങളുടെ ഒന്നാം നിര ടീമിനെ തന്നെ അണിനിരത്തുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ചെയർമാൻ, അക്രം ഖാൻ. തങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാ പരമ്പരകളും വളരെ നിർണായകമാണെന്നും, അത് കൊണ്ടു തന്നെ പരീക്ഷണങ്ങൾ നടത്താൻ തങ്ങൾ ഇപ്പോൾ താല്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ കുറച്ച് നാളുകളായി ഏകദിന, ടെസ്റ്റ് മത്സരങ്ങളിൽ ബംഗ്ലാദേശിന്റേത് മികച്ച പ്രകടനമാണ്, ടി20 യിലും ആ മികവ് കൊണ്ടു വരികയാണ് തങ്ങളുടെ ഇനിയുള്ള ലക്ഷ്യം. അഫ്ഗാനിസ്ഥാൻ ശക്തരായ എതിരാളികളാണ്, അവർക്കെതിരെ വിജയം നേടാൻ ഏറെ മികവ് കാണിക്കേണ്ടി വരും. അത് കൊണ്ടു തന്നെ തങ്ങളുടെ ഏറ്റവും മികച്ച ടീം തന്നെയാകും അവർക്കെതിരെ കളിക്കാനിറങ്ങുക. അക്രം ഖാൻ പറഞ്ഞു.

അടുത്ത മാസം 3 മുതൽ 7 വരെ ഡെറാഡൂണിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള മൂന്ന് മത്സര ടി20 പരമ്പര നടക്കുന്നത്. ആദ്യം ഏകദിന ഫോർമാറ്റിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരമ്പര പിന്നീട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യപ്രകാരം ടി20 ഫോർമാറ്റിലേക്ക് മാറ്റുകയായിരുന്നു. 2020 ലെ ടി20 ലോകകപ്പിന് മുൻപ് ടി20 യിൽ വേണ്ടത്ര മത്സര പരിചയം ലഭിക്കാനാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് മത്സരം ടി20 ഫോർമാറ്റിലേക്ക് മാറ്റിയത്.