SHARE

ഏഷ്യാകപ്പില്‍ നിലനില്പിന്റെ പോരാട്ടത്തിന് ഇറങ്ങിയ ബംഗ്ലാദേശിന് അഫ്ഗാനിസ്ഥാനെതിരേ മികച്ച സ്‌കോര്‍.അഫ്ഗാന് ടൂര്‍ണമെന്റില്‍ സാധ്യത നിലനിര്‍ത്താന്‍ വേണ്ടത് 50 ഓവറില്‍ 250 റണ്‍സ്. ടോസ് ലഭിച്ച് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാ കടുവകള്‍ ഒരുഘട്ടത്തില്‍ അഞ്ചിന് 87 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ തലേന്ന് മാത്രം ടീമിനൊപ്പം ചേര്‍ന്ന ഇമ്രുല്‍ കൈസും (72) മഹമ്മദുള്ളയും ചേര്‍ന്ന് ടീമിനെ രക്ഷപ്പെടുത്തുകയായിരുന്നു. 41 റണ്‍സെടുത്ത ഓപ്പണര്‍ ലിട്ടണ്‍ദാസും തന്റെ റോള്‍ ഭംഗിയാക്കി.

ബംഗ്ലാദേശ് ടീമില്‍ ആശയക്കുഴപ്പത്തിന് ഇടയാക്കിയാണ് കൈസ് ടീമിനൊപ്പം ചേര്‍ന്നത്. കൈസിനെ ടീമില്‍ ഉള്‍പ്പെടുത്തിയ കാര്യം ക്യാപ്റ്റന്‍ മൊഷറഫീ മൊര്‍ത്താസ പോലും അറിഞ്ഞിരുന്നില്ല. ഇതിന്റെ പേരില്‍ ടീമില്‍ ചെറിയ അഭിപ്രായവ്യത്യാസവും ഉണ്ടായി. എന്നാല്‍ അഫ്ഗാനെതിരേ കൈസിന്റെ ദിനമായിരുന്നു. മഹമ്മദുള്ള പിന്തുണയുമായി മറുവശത്ത് നിന്നതോടെ കൈസ് മികച്ച ഇന്നിംഗ്‌സാണ് കാഴ്ചവച്ചത്.

സീനിയര്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ പക്വതയൊത്ത ഇന്നിംഗ്‌സാണ് മഹമ്മദുള്ളയില്‍ നിന്നുമുണ്ടായത്. 91.36 സ്‌ട്രൈക്ക് റേറ്റിലാണ് താരം 74 റണ്‍സെടുത്തത്. മൂന്നു ബൗണ്ടറിയും രണ്ടു സിക്‌സറുകളും ആ ബാറ്റില്‍ നിന്ന് പിറന്നു. പാക്കിസ്ഥാനെതിരേ സംഭവിച്ച പിഴവ് അഫ്ഗാന്‍ ഈ കളിയിലും ആവര്‍ത്തിച്ചു. ബംഗ്ലാദേശിന്റെ വിക്കറ്റുകള്‍ തുടക്കത്തിലേ രണ്ടെണ്ണം വീണിട്ടും സ്റ്റാര്‍ സ്പിന്നര്‍ റഷീദ് ഖാനെ കൊണ്ടുവരാന്‍ വൈകിയത് അവര്‍ക്ക് തിരിച്ചടിയായി.