SHARE

ഏഷ്യാകപ്പിലെ സെമിഫൈനലെന്ന് വിശേഷിപ്പിക്കപ്പെടുന്ന മത്സരത്തില്‍ പാക്കിസ്ഥാന് 240 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് തുണയായത് 99 റണ്‍സെടുത്ത മുഷ്ഫിക്കര്‍ റഹീമിന്റെ ക്ലാസ് ഇന്നിംഗ്‌സാണ്. ഒരുഘട്ടത്തില്‍ മൂന്നിന് 12 റണ്‍സെന്ന നിലയിലേക്ക് തകര്‍ന്ന ബംഗ്ലാദേശിനെ മുഹമ്മദ് മിഥുനൊപ്പം കരകയറ്റിയത് റഹീമാണ്. ഷഹന്‍ഷാ അഫ്രീദിയുടെ പന്തില്‍ സര്‍ഫ്രാസ് ഖാന് പിടികൊടുത്താണ് റഹീം മടങ്ങിയത്. മിഥുന്‍ 84 പന്തില്‍ 60 റണ്‍സെടുത്തു. നാലുവിക്കറ്റെടുത്ത ജുനൈദ് ഖാന്റെ തീപാറുന്ന ബൗളിംഗാണ് ബംഗ്ലാദേശിന്റെ നടുവെടിച്ചത്.

ദയനീയമായിരുന്നു ബംഗ്ലാദേശ് തുടക്കം. സൗമ്യ സര്‍ക്കാര്‍ (പൂജ്യം), മൊമിനൂള്‍ ഹഖ് (5), ലിട്ടണ്‍ദാസ് (6) എന്നിവര്‍ മടങ്ങുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 12 റണ്‍സ് മാത്രം. പിന്നീട് ക്രീസിലൊത്തു ചേര്‍ന്ന മിഥുനും റഹീമും ചേര്‍ന്ന് ബംഗ്ലാ ഇന്നിംഗ്‌സിനെ കരകയറ്റുകയായിരുന്നു. 144 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ പടുത്തുയര്‍ത്തിയത്. മിഥുന്‍ ഹസന്റെ അലിയുടെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്കി മടങ്ങിയതോടെ വലിയ സ്‌കോറെന്ന ബംഗ്ലാദേശ് സ്വപ്നം പൊലിഞ്ഞു.

റഹീമിന്റെ പുറത്താകലായിരുന്നു ബംഗ്ലാ ആരാധകരെ ഏറ്റവും വേദനിപ്പിച്ചത്. സെഞ്ചുറിക്ക് ഒരു റണ്‍സകലെ വച്ച് പുറത്താകുന്ന ആദ്യ ബംഗ്ലാദേശ് താരമായും റഹീം മാറി. ടീമിലേക്ക് തിരിച്ചെത്തിയ ജുനൈദ് ഖാനാണ് പാക് നിരയില്‍ ബൗളിംഗില്‍ മികച്ചു നിന്നത്. ഒന്‍പതോവറില്‍ വെറും 18 റണ്‍സ് വഴങ്ങി നാലുവിക്കറ്റാണ് ജുനൈദ് വീഴ്ത്തിയത്.