SHARE

വെസ്റ്റിന്‍ഡിസീനെതിരെ നടന്ന മൂന്നാം ടി20 മത്സരത്തില്‍ ബംഗ്ലാദേശിന് തകര്‍പ്പന്‍ ജയം. മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 19 റണ്‍സിനാണ് ബംഗ്ലാദേശ് വിജയിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ 184-5 റണ്‍സാണ് പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിംഗില്‍ വെസ്റ്റിന്‍ഡീസ് 17.1 ഓവറില്‍ 135-7 റണ്‍സില്‍ നില്‍ക്കവേ മഴ പെയ്യുകയായിരുന്നു. ഇതോടെ ഏകദിന പരമ്പരക്ക് പിന്നാലെ ടി20 പരമ്പരയും ബംഗ്ലാദേശ് സ്വന്തമാക്കി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശ്, ഓപ്പണര്‍ ലിറ്റണ്‍ ദാസിന്റെ ബാറ്റിംഗ് മികവിലാണ് തകര്‍പ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 32 പന്തില്‍ 6 ഫോറുകളും 3 സിക്‌സുകളുമടക്കം 61 റണ്‍സാണ് ലിറ്റണ്‍ നേിയത്. മഹ്മൂദുള്ള (32), ഷാക്കിബ് അല്‍ഹസന്‍ (24), തമീം ഇഖ്ബാല്‍ (21) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. വിന്‍ഡീസിന് വേണ്ടി കാര്‍ലോസ് ബ്രാത്ത്‌വൈറ്റും കീമോ പോളും രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.

വലിയ വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റിന്‍ഡീസിന് പതിഞ്ഞ തുടക്കമാണ് ലഭിച്ചത്. കൃത്യമായി വിക്കറ്റുകളും വീണതോടെ സ്‌കോറിംഗ് ഉയര്‍ത്താന്‍ മുന്‍നിരയ്ക്ക് സാധിച്ചില്ല. 32 റണ്‍സെടുക്കുന്നതിനിടെ 3 വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. 21 പന്തില്‍ 47 റണ്‍സെടുത്ത് ആന്‍ഡ്രെ റസ്സല്‍ പ്രതീക്ഷ നല്‍കിയെങ്കിലും 18ാം ഓവറില്‍ താരം പുറത്തായി. അതോടെ ബംഗ്ലാദേശ് വിജയത്തിലെത്തുകയും ചെയ്തു. ബംഗ്ലാദേശിന് വേണ്ടി മുസ്തഫിസുര്‍ റഹ്മാന്‍ മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കി.