SHARE

ഇന്ത്യൻ പര്യടനത്തിൽ ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകൾ പരാജയപ്പെട്ടതിന്റെ നിരാശയിൽ നിന്ന് കരകയറും മുൻപ് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീമിന് മറ്റൊരു തിരിച്ചടി കൂടി. തോളിന് പരിക്കേറ്റ നായകൻ ജേസൺ ഹോൾഡറിന് വിൻഡീസിന്റെ ബംഗ്ലാദേശ് പര്യടനത്തിൽ കളിക്കാനില്ലെന്നതാണ് ടീമിന് തലവേദന സമ്മാനിച്ചിരിക്കുന്നത് നേരത്തെ ഇന്ത്യയ്ക്കെതിരെ രാജ്കോട്ടിൽ നടന്ന ആദ്യ ടെസ്റ്റിലും പരിക്കിനെത്തുടർന്ന് താരം കളിച്ചിരുന്നില്ലെങ്കിലും പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ അദ്ദേഹം ടീമിലേക്ക് മടങ്ങിയെത്തിയിരുന്നു‌.

അതേ സമയം നാലാഴ്ച സമയമാണ് ഹോൾഡറിന്റെ പരിക്ക് മാറാൻ വേണ്ടി‌വരുമെന്ന് കരുതുന്നത്. ലോകകപ്പ് അടുത്തെത്തുന്നതിനാൽ ഹോൾഡറിനെ വെച്ച് റിസ്കെടുക്കാൻ വിൻഡീസ് തയ്യാറല്ലാത്തതിനാൽ അദ്ദേഹത്തിന് കുറച്ചധികം കാലം ടീമിന് പുറത്തിരിക്കേണ്ടി‌വരുമെന്നും റിപ്പോർട്ടുകളുണ്ട്. അതേ സമയം ബംഗ്ലാദേശ് പര്യടനത്തിനെത്തുന്ന വിൻഡീസ് ടീം, രണ്ട് ടെസ്റ്റുകളും, മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളുമാണ് ബംഗ്ലാദേശിൽ കളിക്കുക.