SHARE

പാകിസ്ഥാന്റെ നിരന്തരമായ അപേക്ഷ ഒടുവില്‍ ബംഗ്ലാദേശ് അംഗീകരിച്ചു. പാകിസ്ഥാനില്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഒടുവില്‍ തീരുമാനിച്ചു. സുരക്ഷാ കാരണങ്ങളാല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ ഒരുക്കമല്ലെന്ന് പലതവണ ബംഗ്ലാദേശ് പാകിസ്ഥാനെ അറിയിച്ചുവെങ്കിലും മറ്റ് പ്രധാന രാജ്യങ്ങളൊന്നും പാകിസ്ഥാനിലേയ്ക്ക് വരാന്‍ സന്നദ്ധരാകാത്ത സാഹചര്യത്തില്‍ പാകിസ്ഥാന്‍ വീണ്ടും വീണ്ടും നടത്തിയ അപേക്ഷ പരിഗണിച്ചാണ് ബംഗ്ലാദേശിന്റെ തീരുമാനം.

ഇത് പ്രകാരം മൂന്ന് ട്വന്റി-ട്വന്റി മത്സരവും ഒരു ഏകദിനവും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ബംഗ്ലാദേശ് പാകിസ്ഥാനില്‍ കളിക്കുക. എന്നാല്‍ മൂന്നു തവണയായാകും മത്സരങ്ങള്‍ നടക്കുക. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ പാകിസ്ഥാനില്‍ കൂടുതല്‍ ദിവസങ്ങള്‍ നില്‍ക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമാണ് പര്യടനം മൂന്നു ഘട്ടമാക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജനുവരി 24,25,26 തിയ്യതികളിലാണ് ആദ്യ പര്യടനം. ഈ ദിവസങ്ങളില്‍ മൂന്ന് ട്വന്റി-ട്വന്റി മത്സരങ്ങളാവും കളിക്കുക. ലാഹോറില്‍ വച്ചാണ് മത്സരങ്ങള്‍ നടക്കുക. രണ്ടാം ഘട്ടം ഫെബ്രുവരി ഏഴുമുതല്‍ 11 വരെയാണ് ഈ സമയത്ത് ടെസ്റ്റ് മത്സരമാണ് നടക്കുക. ഇതിനുശേഷം ഏപ്രില്‍ മൂന്നിന് കറാച്ചിയില്‍ വച്ച് ഒരു ഏകദിനവും അഞ്ചുമുതല്‍ ഒമ്പതുവരെ ടെസ്റ്റ് മത്സരവും നടക്കും.

ഇതിനിടയില്‍ എന്തെങ്കിലും സുരക്ഷാ പ്രശ്‌നങ്ങളുണ്ടായാല്‍ തുടര്‍ന്നുള്ള പര്യടനങ്ങള്‍ റദ്ദാക്കാനും സാധ്യതയേറെയാണ്.