SHARE

നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ 5 വിക്കറ്റിന്റെ അവിശ്വസനീയ വിജയം സ്വന്തമാക്കി ബംഗ്ലാദേശ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നൽകിയ 215 റൺസ് വിജയലക്ഷ്യം രണ്ട് പന്ത് ബാക്കി നിൽക്കേ ബംഗ്ലാദേശ് മറികടക്കുകയായിരു‌ന്നു. 35 പന്തുകളിൽ 5 ബൗണ്ടറികളും, 4 സിക്സറുകളുമടക്കം 72 റൺസ് നേടി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിഖുർ റഹീമാണ് അസാധ്യമെന്ന് കരുതിയ വിജയലക്ഷ്യം മറികടക്കാൻ ബംഗ്ലാദേശിന് കരുത്തായത്. സ്കോർ : ശ്രീലങ്ക – 214/6 (20 ഓവർ), ബംഗ്ലാദേശ് – 215/5 (19.4 ഓവർ).

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങേണ്ടി വന്ന ശ്രീലങ്ക, 48 പന്തിൽ 74 റൺസെടുത്ത കുശാൽ പെരേരയുടേയും, 30 പന്തിൽ 57 റൺസെടുത്ത കുശാൽ മെൻഡിസിന്റെയും ബാറ്റിംഗ് മികവിലാണ് കൂറ്റൻ സ്കോറിലേക്ക് കുതിച്ചെത്തിയത്. അവസാന ഓവറുകളിൽ 15 പന്തുകളിൽ 31 റൺസടിച്ച ഉപുൽ തരംഗയും ശ്രീലങ്കയ്ക്ക് വേണ്ടി മികച്ച ബാറ്റിംഗ് കാഴ്ച വെച്ചു.

ശ്രീലങ്കയുടെ കൂറ്റൻ സ്കോറിനെതിരെ ബംഗ്ലാദേശ് ഓപ്പണർമാരും അതേ നാണയത്തിൽ തിരിച്ചടിച്ചു. തമീം ഇഖ്ബാലും, ലിട്ടൺ ദാസും കൂടിയുള്ള ഓപ്പണിംഗ് കൂട്ടുകെട്ടിൽ ലിട്ടൺ ദാസായിരുന്നു കൂടുതൽ ആക്രമണകാരി. 19 പന്തുകളിൽ രണ്ട് ബൗണ്ടറികളും, അഞ്ച് സിക്സറുകളുമടക്കം 43 റൺസ് നേടിയ ലിട്ടൺ പുറത്താകുമ്പോൾ ബംഗ്ലാദേശ് സ്കോർ 5.5 ഓവറുകളിൽ 74 റൺസിലെത്തിയിരുന്നു. തമീം ഇഖ്ബാൽ 29 പന്തിൽ ആറ് ബൗണ്ടറികളും, ഒരു സിക്സറുമടക്കം 47 റൺസ് നേടി.

ഇരുവരും പുറത്തായതിന് ശേഷം ആക്രമണ ചുമതല വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിഖുർ റഹീം ഏറ്റെടുത്തു. ശ്രീലങ്കൻ ബോളിംഗിനെതിരെ റഹീമും, 72* (35) നായകൻ മഹ്മദുള്ളയും( 20(11)) ചേർന്ന് കടന്നാക്രമണം നടത്തിയപ്പോൾ ബംഗ്ലാദേശ്, അസാധ്യമെന്ന് വിചാരിച്ച വിജയത്തിനോട് അടുക്കുകയായിരുന്നു. അവസാന ഓവറിൽ 9 റൺസ് മാത്രമായിരുന്നു ബംഗ്ലാദേശിന് വിജയിക്കാൻ വേണ്ടിയിരുന്നത്. തിസാര പെരേരയെറിഞ്ഞ ഓവറിൽ രണ്ട് പന്തുകൾ ബാക്കി നിൽക്കേ അവർ വിജയത്തിലെത്തുകയായിരുന്നു.