SHARE

ഐഎസ്എല്‍ ജേതാക്കളായ ബംഗളുരു എഫ്‌സി തങ്ങളുടെ ഹോം ഗ്രൗണ്ട് മാറ്റുന്നു. പൂനെ ബലേവാദി സ്റ്റേഡിയമായിരിക്കും വരുന്ന സീസണില്‍ ഐഎസ്എല്ലിലും എഎഫ്‌സി കപ്പിലും ബംഗളുരു എഫ് സിയുടെ സ്വന്തം ഗ്രൗണ്ട്. നിലവിലെ ഹോം ഗ്രൗണ്ടായ ബംഗളുരു ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാലാണ് ക്ലബിന്റെ പുതിയ തീരുമാനം.

ശ്രീകണ്ഠീരവ സ്റ്റേഡിയം ഉപയോഗിക്കുന്നതിനുള്ള നിയമതടസങ്ങളാണ് അടുത്ത സീസണിലേക്ക് ഒരുങ്ങുന്ന ബെംഗളൂരു എഫ്‌സിക്ക് സ്വന്തം തട്ടകം ഉപേക്ഷിക്കേണ്ട അവസ്ഥയിലേക്കു കാര്യങ്ങള്‍ എത്തിച്ചത്. 2015 മുതല്‍ ടീമിന്റെ ഹോംഗ്രൗണ്ടാണ് ശ്രീകണ്ഠീരവ. ക്ലബ്ബ് തന്നെയാണ് ട്വിറ്ററിലൂടെ ഗ്രൗണ്ട് മാറ്റം സ്ഥിരീകരിച്ചത്.

അത്‌ലറ്റുകള്‍ക്ക് പരിശീലനത്തിനായി ഗ്രൗണ്ട് ലഭിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇതോടെ കര്‍ണ്ണാടക അത്‌ലറ്റിക് അസോസിയേഷനും ബംഗളുരു എഫ്‌സിയും തമ്മില്‍ ഇടയുകയും കാര്യങ്ങള്‍ കോടതിയില്‍ എത്തുകയുമായിരുന്നു. എഎഫ്‌സി കപ്പുമായി ബന്ധപ്പെട്ട ലൈസന്‍സിംഗ് പൂര്‍ത്തികരിക്കേണ്ടതിനുള്ള സമയം അവസാനിക്കാറായതും വളരെ വേഗം മറ്റൊരു ഗ്രൗണ്ട് കണ്ടെത്താന്‍ ബംഗളുരുവിനെ പ്രേരിപ്പിച്ചു.

എന്നാല്‍ ശ്രീകണ്ഠീരവ സ്‌റ്റേഡിയം തന്നെ ഹോം ഗ്രൗണ്ടായി തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ഉടനെ ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ക്ലബ്ബ് അധികൃതര്‍ പറഞ്ഞു.