SHARE

യുവേഫ ചാമ്പ്യൻസ് ലീ​ഗ് പ്രീക്വാർട്ടറിൽ ഇം​ഗ്ലീഷ് കരുത്തരായ ചെൽസിയെ തകർത്ത് ബാഴ്സലോണ ക്വാർട്ടറിലെത്തി. ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ നാല് ​ഗോളുകൾക്കാണ് ബാഴ്സയുടെ ജയം. മറ്റൊരു മത്സരത്തിൽ തുർക്കി ക്ലബ് ബസിക്തസനെ തകർത്ത് ബയേൺ മ്യൂണിക്കും ക്വാർട്ടറിലെത്തി. ഇതോടെ ചാമ്പ്യൻസ് ലീ​ഗിന്റെ പ്രക്വാർട്ടർ മത്സരങ്ങൾ പൂർത്തിയായി.

ഇം​ഗ്ലണ്ടിൽ നടന്നആദ്യ പാദ മത്സരം ഒരോ ​ഗോൾ നേടി സമനില വഴങ്ങിയതോടെ ന്യുകാമ്പിൽ വിജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇറങ്ങിയത്. എന്നാൽ മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ ലയണൽ മെസി ബാഴ്സയ്ക്കായി ആദ്യ ​ഗോൾ നേടി. തുടർന്ന് അക്രമിച്ച് കളിച്ച ചെൽസി ബാഴ്സ ​ഗോൾമുഖം ലക്ഷ്യമിട്ട് മുന്നേറിയെങ്കിലും ബാഴ്സ പ്രതിരോധം ഉറച്ചുനിന്നു. 20-ാം മിനിറ്റിൽ ബാഴ്സ വീണ്ടും ചെൽസിയെ ഞെട്ടിച്ചു. ചെൽസി താരം സെസ്ക് ഫാബ്രി​ഗസിന്റെ പിഴവിൽ നിന്ന് പന്തുമായി മുന്നേറി മെസി നൽകിയ പാസ്, ഫ്രഞ്ച് താരം ഉസ്മാൻ ഡെംബെലെ ഉ​ഗ്രനൊരു ഷോട്ടിലൂടെ വലയിലെത്തിച്ചു.

വില്ല്യനും ഈഡൻ ഹാസർഡും മാർക്കസ് അലോൺസോയും ചേർന്ന് ബാഴ്സ ബോക്സിലേക്ക് പലപ്പോഴും ഇരച്ചുകയറിയെങ്കിലും സാമുവൽ ഉംറ്റിറ്റിയും ജെറാർഡ് പിക്വെയും എല്ലാം തടഞ്ഞിട്ടു. നിർഭാ​ഗ്യവും ചെൽസിക്ക് വില്ലനായി. മാർക്കസ് അലോൺസോയുടേതടക്കം രണ്ട് ഷോട്ടുകൾ പോസ്റ്റിലിടിച്ചാണ് മടങ്ങിയത്. 63-ാം മിനറ്റിൽ മെസി ചെൽസിയുടെ പെട്ടിയിൽ അവസാന ആണിയുമടിച്ചു. സുവാരസ് നൽകിയ പാസിൽ നിന്നാണ് ഇക്കുറിയും മെസിയുടെ ​ഗോൾ.

ആദ്യ പാദത്തിൽ എതിരില്ലാത്ത അഞ്ച് ​ഗോളിന് ജയിച്ച ബയേൺ ഇന്നലെ ചടങ്ങുതർക്കൽ മാത്രമാണ് ഇന്നലെ നടത്തിയത്. ഒന്നിനെതി മൂന്ന് ​ഗോളുകൾക്കായിരുന്നു ജർമൻ ഭീമന്മാരുടെ ജയം. തിയാ​ഗോ അൽകാൻഡ്ര, സാൻഡ്രോ വാ​ഗ്നർ എന്നിവരുടെ ​ഗോളുകൾക്ക് പുറമേ ബെസിക്തസ് താരം ​ഗോഖാന്റെ സൽഫ് ​ഗോളും ബയേണിന്റെ പട്ടിക പൂർത്തിയാക്കി. വാ​ഗ്നർ ലൗവാണ് ബെസിക്തസിന്റെ ആശ്വാസ​ഗോൾ നേടിയത്.