SHARE

സ്പാനീഷ് ലീഗ് പോയിന്റ് പട്ടികയില്‍ ബാഴ്‌സലോണ വീണ്ടും ഒന്നാമത്. ഇന്നു നടന്ന മത്സരത്തില്‍ റയല്‍ വല്ലഡോലിഡിനെയാണ് ബാഴ്‌സ തകര്‍ത്തെറിഞ്ഞത്. ബാഴ്‌സയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞൊന്നും മെസ്സിയേയും കൂട്ടരേയും തൃപ്തിപ്പെടുത്തില്ലായിരുന്നു. ലീഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തുക എന്നതും ബാഴ്‌സയുടെ ലക്ഷ്യമായിരുന്നു.

ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ബാഴ്‌സയുടെ മിന്നുന്ന വിജയം. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ കാംപ്‌നൗവിലെ ഗ്യാലറിയെ ഇളക്കിമറിച്ച് ബാഴ്‌സ ആദ്യ ഗോള്‍ നേടി ക്ലമന്റ് ലെംഗ്‌ലെറ്റിന്റെ വകയായിരുന്നു ആദ്യ ഗോള്‍. എന്നാല്‍ 15-ാം മിനിറ്റില്‍ തന്നെ കികോയിലൂടെ വല്ലഡോലിഡ് തിരിച്ചടിച്ച് സമനില നേടി.

-Advertisement-

കളിയുടെ 29-ാംമിനിറ്റില്‍ അര്‍തറൊ വിഡാലിലൂടെ ബാഴസ ലീഡ് നേടി. പിന്നീട് പുലികളുടെ ഉഴമായിരുന്നു. 35-ാംമിനിറ്റിലും 77-ാം മിനിറ്റിലും ലെയണല്‍ മെസ്സി എതിരാളികളുടെ വല കുലുക്കി. മെസ്സിയുടെ രണ്ടാം ഗോളിനു ശേഷം രണ്ട് മിനിറ്റിനുള്ളില്‍ പിറന്നു സുവാരസിലൂടെ ബാഴ്‌സയുടെ അഞ്ചാം ഗോള്‍. വിജയം തീര്‍ത്തും ആധികാരികമായി 5-1 നു ബാഴ്‌സയ്ക്കു സ്വന്തം.

മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ അലാവസ് സമനിലയില്‍ തളച്ചു. ഇരു ടീമുകളും ഒരോ ഗോള്‍ വീതമാണ് നേടിയത്. 70-ാം മിനിറ്റില്‍ അല്‍വാരോ മൊറാട്ടയിലൂടെ അത്‌ലറ്റിക്കോ മാഡ്രിഡ് ആദ്യം സ്‌കോര്‍ ചെയ്‌തെങ്കിലും 83-ാം മിനിറ്റില്‍ ലൂക്കാസ് പെരേസിലൂടെ അലാവസ് തിരിച്ചടിച്ച് സമനില നേടി. ഇതോടെ 22 പോയിന്റുമായി ഗ്രാനഡയെ പിന്നിലാക്കി ബാഴ്‌സ ലീഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 20 പോയിന്റുമായി ഗ്രാനഡ രണ്ടാമതുണ്ട്. അത്‌ലറ്റിക്കോ മാഡ്രിഡ് മൂന്നാമതാണ്.