SHARE

യൂറോപ്പിലെ ലീ​ഗുകളിൽ ഇന്നലെ നടന്ന പ്രധാന പോരാട്ടങ്ങളിൽ ബാഴ്സലോണ,പി.എസ്.ജി എന്നീ ടീമുകൾ ജയം നേടി. ഇറ്റാലിയൻ സൂപ്പർ ക്ലബ് യുവന്റസിന് റോമയോട് സമനില വഴങ്ങേണ്ടിവന്നു. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലെ സൂപ്പർപോരാട്ടത്തിൽ മാ‍ഞ്ചസ്റ്റർ സിറ്റി വൻ തോൽവി വഴങ്ങി.

സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ വിയ്യാറയലിനെ എതിരില്ലാത്ത നാല് ​ഗോളിനാണ് ബാഴ്സ തകർത്തത്. ബാഴ്സയ്ക്കായി അൻസു ഫാറ്റി രണ്ട് ​ഗോൾ നേടി. ലയണൽ മെസിയും ഒരു​ ​ഗോൾ നേടി. വിയ്യാറലിന്റെ പാവു ടോറിസിന്റെ സെൽഫ് ​ഗോളും ചേർന്നതോടെ ബാഴ്സയുടെ ജയം പൂർണം. ഫ്രഞ്ച് ലീ​ഗിൽ എതിരില്ലാത്ത രണ്ട് ​ഗോളിന് റെയിംസിനെയാണ് പി.എസ്.ജി വീഴ്ത്തിയത്. അർജന്റൈൻ താരം മൗറോ ഇക്കാർഡിയാണ് ചാമ്പ്യൻ ക്ലബിനായി രണ്ട് ​ഗോളുകൾ നേടിയത്.

സെരി എയിൽ കരുത്തരായ റോമയോടാണ് യുവന്റസ് സമനില വഴങ്ങിയത്. റോമയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ഇരുക്ലബുകളും രണ്ട് ​ഗോൾ വീതം നേടി. റോമയ്ക്കായി ജോർദാൻ വേരറ്റൗട്ടാണ് രണ്ട് ​ഗോളും നേടിയത്. യുവന്റസിന്റെ രണ്ട് ​ഗോളും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വകയും.

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സിറ്റി സ്വന്തം മൈതാനത്ത് വൻ തോൽവി ഏറ്റുവാങ്ങിയത് ലെസ്റ്റർ സിറ്റിയോടാണ്. രണ്ടിനെതിരെ അഞ്ച് ​ഗോളുകൾക്കായിരുന്നു ലെസ്റ്ററിന്റെ ജയം. ലെസ്റ്ററിനായി ജെയ്മി വാർഡി ഹാട്രിക്ക് നേടി. ജെയിംസ് മാഡിസൻ, യൂറി ടെലിമാനസ് എന്നിവരും അഴർക്കായി ​ഗോൾ നേടി. സിറ്റിയുടെ ​ഗോളുകൾ റിയാദ് മെഹ്രസ്, നതാൻ അക്കെ എന്നിവരുടെ വകയായിരുന്നു.